സിദ്ദിഖ്-ലാൽ, ഉദയകൃഷ്ണ-സിബി കെ തോമസ്, റാഫി-മെക്കാർട്ടിൻ, ബോബി-സഞ്ജയ്, സച്ചി-സേതു തുടങ്ങി ഒട്ടേറെ ഇരട്ട തിരക്കഥാകൃത്തുക്കൾ മലയാള സിനിമയൽ തിളങ്ങി നിന്നവരാണ്. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് തന്നിട്ടുള്ള ഇവരുടെ പാത പിന്തുടർന്ന് കൊണ്ട് ഒരു പുതിയ ടീം കൂടി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. ഇനി ഉത്തരം എന്ന ചിത്രത്തിലൂടെയാണ് ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്- ഉണ്ണി ടീം നമ്മുടെ മുന്നിലേക്കെത്തുന്നത്. സഹോദരന്മാരായ ഇവർ ഒരു വർഷം മുൻപാണ് ഈ ചിത്രത്തിന്റെ രചനയാരംഭിച്ചത്. അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ പോകുമ്പോൾ അതീ രചയിതാക്കളുടെ സ്വപ്ന പൂർത്തീകരണം കൂടിയാണ്. അസാധാരണ കാര്യങ്ങൾ നേടിയെടുക്കുന്ന സാധാരണക്കാരയ സ്ത്രീകളുടെ ജീവിതമാണ് ഈ ചിത്രമൊരുക്കാൻ ഇവർക്ക് പ്രചോദനം നൽകിയ ഒരു ഘടകം.
എഴുത്തിനൊപ്പം തന്നെ സംവിധാന മോഹവും രഞ്ജിത് ഉണ്ണി ടീമിന്റെ മനസ്സിലുണ്ട്. മോഹനകൃഷ്ണൻ എന്ന ഇവരുടെ സംവിധായക സുഹൃത്ത് പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത തമിഴ് സിനിമയിലൂടെയാണ് ഇവർ രണ്ടു പേരും സിനിമയിലേക്ക് ചുവടു വെച്ചത്. ഹൊറർ ഒഴിച്ച് മറ്റെല്ലാ യോണറിൽപ്പെട്ട സിനിമകളും ഇഷ്ട്ടപെടുന്ന ഇവരെ, കൃഷ്ണകുമാർ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥനാണ് ഇനി ഉത്തരത്തിലെ പോലീസ് രംഗങ്ങൾ രചിക്കുന്നതിനു സഹായിച്ചത്. അദ്ദേഹം വഴിതന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിലേക്കും ഇവരെത്തിയത്. എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിച്ച ഇനി ഉത്തരത്തിൽ ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രനും എഡിറ്റ് ചെയ്തത് ജിതിൻ ഡി കെയുമാണ്.