ഓം ശാന്തി ഓശാന എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി- ജൂഡ് ആന്റണി ജോസഫ് ചിത്രം രചിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മിഥുൻ മാനുവൽ തോമസ് പിന്നീട് സംവിധായകനായി നമ്മുക്ക് മുന്നിലെത്തിച്ച ചിത്രങ്ങളാണ് ആട് ഒരു ഭീകര ജീവിയാണ്, ആട് 2, അലമാര, ആൻ മരിയ കലിപ്പിലാണ്, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, അഞ്ചാം പാതിരാ എന്നിവ. ഈ വർഷമാദ്യം റിലീസ് ചെയ്ത അഞ്ചാം പാതിരാ എന്ന മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂവിൽ തന്റെ ഭാവി പ്രൊജെക്ടുകളെ പറ്റി സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.
ഇപ്പോൾ അഞ്ചാം പാതിരാ വമ്പൻ വിജയം നേടിയതോടെ ഏതു താരത്തിന്റെ പോലും ഡേറ്റ് കിട്ടില്ലേ എന്ന ചോദ്യം മനീഷ് ചോദിച്ചപ്പോൾ മിഥുൻ പറഞ്ഞത് ലാലേട്ടനോട് ഒരു കഥ പറയാൻ ആഗ്രഹം ഉണ്ടെന്നും, എന്നാൽ ഇതുവരെ അദ്ദേഹത്തെ കണ്ടു കഥ പറയാനുള്ള തന്റെ ശ്രമം വിജയിച്ചിട്ടില്ല എന്നാണ്. മിഥുൻ ഇനി ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങൾ ഒന്ന് ആടിന്റെ മൂന്നാം ഭാഗവും പിന്നീട് ഒരു ആക്ഷൻ ത്രില്ലറുമാണ്. മിഥുൻ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജയസൂര്യ ചിത്രം ടർബോ പീറ്റർ, മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചൻ 2 എന്നിവ ഇനി ചെയ്യുന്നില്ല എന്നും അത് രണ്ടും ഉപേക്ഷിച്ചു എന്നും മിഥുൻ തുറന്നു പറഞ്ഞു. അഞ്ചാം പാതിരാ മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യാനുള്ള ഓഫറുകൾ ലഭിക്കുന്നുണ്ട് എന്നും ഈ സംവിധായകൻ പറയുന്നു.