പ്രശസ്ത മലയാള നടി മഞ്ജു വാര്യർ വാക്ക് പറഞ്ഞു പറ്റിച്ചു എന്നാരോപിച്ചു അവർക്കെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വർഷം മുൻപ് വീട് നിർമ്മിച്ച് തരാമെന്നു പറഞ്ഞ മഞ്ജു വാര്യർ ഇത് വരെ അത് ചെയ്തിട്ടില്ല എന്നാണ് അവരുടെ ആരോപണം. വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിൽ എത്തിയത് ഒന്നര വർഷം മുൻപാണ്. അതിനു ശേഷം ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി എങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനം പോലും അവിടെ നടന്നിട്ടില്ല എന്നാണ് ആദിവാസി സമൂഹം ആരോപിക്കുന്നത്. 57 കുടംബങ്ങളാണ് കോളനിയിലുള്ളത് എന്നും വീട് വെച്ച് തരാമെന്ന മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി എന്നും അവർ പറയുന്നു.
വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല എന്നും അവർ പറയുന്നു. ഈ സാഹചര്യം വന്നു ചേർന്നത് കൊണ്ടാണ് മഞ്ജു വാര്യർക്ക് എതിരെ പ്രതിഷേധവുമായി ആദിവാസികൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അതിന്റെ ഭാഗം ആയി ഫെബ്രുവരി 13 ന് മഞ്ജു വാര്യരുടെ തൃശൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു. ഇപ്പോൾ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുകയാണ് മഞ്ജു വാര്യർ. ഇത് കൂടാതെ സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ, വെട്രിമാരൻ- ധനുഷ് ടീമിന്റെ തമിഴ് ചിത്രമായ അസുരൻ എന്നിവയും മഞ്ജു വാര്യർ അഭിനയിക്കുന്ന ചിത്രങ്ങൾ ആണ്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ ആണ് മഞ്ജുവിന്റെ അടുത്ത റിലീസ്.