‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ ഐഡന്റിറ്റി ഇന്ന് ആഗോള റിലീസായെത്തും. കേരളത്തിലും വമ്പൻ റിലീസ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം അതിന്റെ ഗംഭീര ട്രൈലെറോടെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയും ഈ ചിത്രം ശ്രദ്ധ നേടി. രാംചരണിനെ നായകനാക്കി ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്ത് വന്നതെന്നത് ശ്രദ്ധേയമാണ്.
മലയാളത്തിൽ കൂടാതെ തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസിനെത്തുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ, അതിന്റെ ദൃക് സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകിയത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ഐഡന്റിറ്റി നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. തൃഷ, വിനയ് റായ്, അജു വര്ഗീസ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.