കോഴിക്കോട് ജില്ലാ കളക്ടർ ആയി ടോവിനോ തോമസ്; ആഷിഖ് അബു ചിത്രം വൈറസ് ഡിസംബറിൽ തുടങ്ങും..!

Advertisement

ഈ അടുത്ത ദിവസങ്ങളിൽ മലയാള സിനിമയിൽ നിന്ന് കേട്ട ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രം. കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ ആസ്പദമാക്കി എടുക്കുന്ന ഈ ചിത്രത്തിന് വൈറസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. സംവിധായകനും രചയിതാവുമായ മുഹ്‌സിൻ പരാരിയും, അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രമായ വരത്തൻ രചിച്ച സുഹാസ്- ഷറഫു ടീമും ചേർന്നു രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആസിഫ് അലി, ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് , ദിലീഷ് പോത്തൻ, കാളിദാസ് ജയറാം, രേവതി, പാർവതി, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ആഷിഖ് അബു തന്നെയാണ്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നത് കോഴിക്കോട് ജില്ലാ കളക്ടർ ആയ യു വി ജോസിന്റെ വേഷമാണ്. അതുപോലെ തന്നെ നിപ്പ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ അന്തരിച്ചു പോയ ലിനി സിസ്റ്റർ ആയി റിമ കല്ലിങ്കലും കേരളാ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആയി രേവതിയും അഭിനയിക്കും. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. അതുപോലെ തന്നെ ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് പ്രശസ്ത എഡിറ്റർ ആയ സൈജു ശ്രീധരൻ ആണ്. അടുത്ത വർഷം വിഷു ലക്ഷ്യമാക്കി ആണ് ഈ ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്. വരുന്ന ഡിസംബർ മാസത്തോടെ വൈറസിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ടോവിനോ തോമസ് ഇപ്പോൾ മോഹൻലാൽ ചിത്രമായ ലുസിഫെറിൽ അഭിനയിക്കുകയാണ്. തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, മാരി 2 എന്നിവയാണ് ടോവിനോയുടെ അടുത്ത റീലീസുകൾ.

Advertisement
Advertisement

Press ESC to close