ടോവിനോ തോമസ് എന്ന യുവ താരം കേരളത്തിലെ യുവ പ്രേക്ഷകർക്കിടയിൽ ഒരു സൂപ്പർ മാൻ ആയതു കേരളത്തെ പ്രളയം ഗ്രസിച്ചപ്പോൾ ടോവിനോ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കണ്ടിട്ടായിരുന്നു. ടോവിനോ തോമസ് എന്ന പച്ച മനുഷ്യനെ അന്നാണ് മലയാളികൾ മനസ്സിലാക്കിയത് എന്നും പറയാം. ഇപ്പോഴിതാ ഒരിക്കൽ കൂടി ടോവിനോയുടെ പേര് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ടോവിനോ തോമസ് നായകനായ പുതിയ ചിത്രമായ എന്റെ ഉമ്മാന്റെ പേര് മികച്ച പ്രേക്ഷക പ്രതികരണവും ഗംഭീര നിരൂപക പ്രശംസയും നേടി ബോക്സ് ഓഫീസിൽ വിജയം നേടുകയാണ്. ടോവിനോ തോമസ്, ഉർവശി എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ തന്റെ ഈ ചിത്രം കാണാൻ നിലാവ് കൂട്ടം ജീവിത നൈപുണ്യ ക്യാമ്പിലെ കുട്ടികൾക്ക് അവസരമൊരുക്കി കൊടുത്താണ് ടോവിനോ ശ്രദ്ധ നേടുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തു സ്നേഹ സ്പർശവും തണൽ വടകരയും സംയുക്തമായി നടത്തുന്ന നിലാവ് കൂട്ടം-3 ജീവിത നൈപുണ്യ ക്യാമ്പിലെ കൂട്ടുകാർക്കാണ് ഈ ചിത്രം കാണണം എന്ന ആഗ്രഹം ടോവിനോയെ അറിയിച്ചത്. ആവശ്യം അറിഞ്ഞ ഉടൻ തന്നെ അവർക്കു ഈ ചിത്രം കാണാൻ ഉള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു ടോവിനോ തോമസ്. തങ്ങളുടെ ഈ ആവശ്യം ഉടൻ തന്നെ നടത്തി തന്നെ ടോവിനോ തോമസിന് അവർ നന്ദിയും പറഞ്ഞു കഴിഞ്ഞു. നവാഗതനായ ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് സംവിധായകനും ശരത് ആർ നാഥും ചേർന്നാണ്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും സി ആർ സലീമും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.