ബാഹുബലി സീരിസിന് ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ആർ ആർ ആർ. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബഡ്ജറ്റ്, ഇതിലെ താരങ്ങളുടെ പ്രതിഫലം എന്നിവ സംബന്ധിച്ച വെളിപ്പെടുത്തൽ ആണ് പുറത്തു വന്നിരിക്കുന്നത്. ബജറ്റിന്റെ കാര്യത്തിൽ ചിത്രം ഇപ്പോൾത്തന്നെ ബാഹുബലിയെ മറികടന്നതായി ആണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പ്രകാരം ആന്ധ്രാപ്രദേശ് മന്ത്രി പെർണി നാനി പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത് ജിഎസ്ടിയും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ശമ്പളവും ഒഴികെ 336 കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി ചിലവിട്ടത് എന്നാണ്. ടിക്കറ്റ് ചാർജ് കൂട്ടിനൽകണം എന്ന ആവശ്യവുമായി ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സർക്കാരിന് സമർപ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയത്.
അഭിനേതാക്കൾക്ക് നൽകിയ പ്രതിഫലം കൂടി കണക്കിലെടുത്താൽ 400 കോടിക്ക് മുകളിൽ ആണ് ഇതിന്റെ ബഡ്ജറ്റ് എന്നാണ് സൂചന. രാം ചരണും ജൂനിയർ എൻടിആറും 45 കോടി രൂപ വീതം ഈടാക്കിയപ്പോൾ അജയ് ദേവ്ഗൺ 25 കോടി രൂപയ്ക്ക് ആണ് ഇതിൽ അഭിനയിച്ചത്. ആലിയ ഭട്ട് 9 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. രാജമൗലിയുടെ പ്രതിഫലം ചിത്രത്തിന്റെ ലാഭത്തിന്റെ മുപ്പതു ശതമാനം ആണ്. 250 കോടി രൂപ ബജറ്റിലാണ് ‘ബാഹുബലി: ദി കൺക്ലൂഷൻ’ രാജമൗലി ഒരുക്കിയത്. വരുന്ന മാർച്ച് 25 നു ആഗോള റിലീസ് ആയി എത്തുകയാണ് ആർ ആർ ആർ. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.