
ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമാണ് ഡിയർ വാപ്പി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും സംവിധായകനുമായ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകുന്നുണ്ട്. ഇവർക്കൊപ്പം യുവ താരവും മണിയൻ പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള രാജു, വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശ്രീരേഖ, ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് പാണ്ടികുമാറാണ്.
പ്രവീൺ വർമ്മ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ലിജോ പോളാണ്. എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണം നിർവഹിക്കുമ്പോൾ, ഈ ചിത്രത്തിന് വേണ്ടി അജയ് മാങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ് ചമയവുമൊരുക്കുന്നു. അനീഷ് പെരുമ്പിലാവ് നിർമ്മാണ നിർമ്മാണ നിയന്ത്രണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം ചെയ്യുന്നത് ഷിജിൻ പി രാജാണ്. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഡിയർ വാപ്പിയിലെ ഗാനങ്ങൾക്ക് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഡിയർ വാപ്പി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലുള്ള ലൊക്കേഷനുകളിലായാണ് ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്.
