മലയാളത്തിലെ സൂപ്പർ താരങ്ങൾ അടക്കം ഉള്ളവർ സംവിധായകരായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. മലയാള സിനിമയിലെ ഒട്ടേറെ പ്രശസ്ത നടൻമാർ സംവിധായകർ ആയിട്ടുണ്ട്. അവരിൽ പലരും നമ്മുക്ക് സമ്മാനിച്ചത് സൂപ്പർ ഹിറ്റ് ചിത്രങ്ങളും ആണ്. പറവ എന്ന ചിത്രത്തിലൂടെ നമ്മുക്ക് സൂപ്പർ ഹിറ്റ് സമ്മാനിച്ചത് സൗബിൻ ഷാഹിർ ആണെങ്കിൽ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലെ രണ്ടാമത്തെ നൂറു കോടി ചിത്രം സമ്മാനിച്ചത് യുവ സൂപ്പർ താരം പൃഥ്വിരാജ് ആണ്. നടൻ വിനീത് കുമാർ, നാദിർഷ, സലിം കുമാർ, രമേശ് പിഷാരടി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ എന്നിവരും സംവിധായകരായിരുന്നു. ദിലീഷ് പോത്തനും അഭിനേതാവായി വന്നതിനു ശേഷമാണു സംവിധായകൻ ആയതു. കലാമൂല്യമുള്ള ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മധുപാലും നടനെന്ന നിലയിൽ ആണ് ആദ്യം പ്രശസ്തനായത്. മിമിക്രി താരവും നടനുമായ കോട്ടയം നസീർ പൃഥ്വിരാജ് നായകനായ ഒരു ചിത്രത്തിലൂടെ സംവിധായകൻ ആകും എന്നും കുറച്ചു മാസങ്ങൾക്കു മുൻപേ ഒരു വാർത്ത വന്നിരുന്നു.
ഏതായാലും കോട്ടയം നസീറിന് മുൻപേ മറ്റൊരു മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം സംവിധായകൻ ആവാൻ പോവുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകൻ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നും വാർത്തകൾ ഉണ്ട്. മുഴുവൻ ആയും ഗൾഫിൽ ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവർത്തകരിൽ പ്രധാനിയായ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതമാണ് ആധാരമാക്കുന്നതു എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.
മോഹൻലാലും സംവിധായകനാവാൻ പോവുകയാണ്. ബാറോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ഫിലിം ആയാണ് ഒരുങ്ങുന്നത്. മോഹൻലാലും അമേരിക്കയിൽ നിന്നുള്ള ഒരു പെൺകുട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. ഏതായാലും നമ്മുടെ മികച്ച നടന്മാരുടെ സംവിധാന മികവ് കൂടി കാണാനുള്ള ഭാഗ്യമാണ് മലയാളി സിനിമാ പ്രേക്ഷകർക്കു ഇപ്പോൾ കൈവന്നിരിക്കുന്നത്.