ആന്റണി വർഗീസ് നായകനായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്ന ടിനു പിന്നീടും ജെല്ലിക്കെട്ട് പോലത്തെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തു. അതിനു ശേഷം ടിനു ഒരുക്കിയ, തന്റെ രണ്ടാമത്തെ ചിത്രമാണ് അജഗജാന്തരം. ആന്റണി വർഗീസ് തന്നെയാണ് ഈ ചിത്രത്തിലേയും നായക വേഷം ചെയ്യുന്നത്. ഈ വരുന്ന ഡിസംബർ ഇരുപത്തി മൂന്നിനാണ് അജഗജാന്തരം റിലീസ് ചെയ്യുന്നത്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ പ്രചരിച്ച ഒരു വാർത്തയാണ്, മലയാളത്തിന്റെ സൂപ്പർ താരം, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ടിനു പാപ്പച്ചൻ എന്ന്. ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായില്ലെങ്കിലും ആ വാർത്ത സിനിമാ പ്രേമികൾക്കിടയിൽ മുഴുവൻ പരന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടിനു പാപ്പച്ചൻ.
അങ്ങനെ ഒരു പ്രൊജക്റ്റ് ഉണ്ടെന്നും, പക്ഷെ അത് ഇപ്പോഴും അതിന്റെ ചർച്ചാ വേളയിൽ തന്നെയാണെന്നും ടിനു പാപ്പച്ചൻ പറയുന്നു. ആ പ്രൊജക്റ്റ് ഓൺ ആയെന്നോ ഓഫ് ആയെന്നു പറയാൻ സാധിക്കാത്ത സാഹചര്യം ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു. താൻ ലാലേട്ടനെ നേരിട്ട് കണ്ടു കഥ പറഞ്ഞിട്ടുണ്ട് എന്നും അതിന്റെ ബാക്കി കാര്യങ്ങൾ ഇനി ഭാവിയിൽ അറിയാം എന്നും ടിനു പാപ്പച്ചൻ സൂചിപ്പിക്കുന്നു. കോവിഡ് ആദ്യ തരംഗം ഉണ്ടായ സമയത്താണ് ഈ കഥ ലാലേട്ടനെ കണ്ടു പറയുന്നത് എന്നും, ഇപ്പോഴും ഫൈനൽ ആയി ഒന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിലാണ് എന്നും ടിനു വെളിപ്പെട്ടുത്തി. ഈ അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേർത്തു മയക്കം എന്ന ചിത്രത്തിലും ടിനു ആയിരുന്നു അസ്സോസിയേറ്റ് ഡയറക്ടർ.