പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രം ഈ വരുന്ന ജൂൺ മൂന്നിനാണ് ആഗോള റിലീസ് തീരുമാനിച്ചത്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു എന്ന വാർത്തയാണ് വരുന്നത്. ഏകദേശം രണ്ടു വർഷം മുൻപ് റിലീസ് പറഞ്ഞ ഈ ചിത്രം കോവിഡ് മൂലവും പിന്നീട് ഉണ്ടായ ചില നിയമകുരുക്കുകൾ മൂലവും പല തവണ റിലീസ് മാറ്റി വെച്ചിരുന്നു. ഇത്തവണയും ചില നിയമ തടസ്സങ്ങൾ കാരണമാണ് റിലീസ് മാറ്റിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഏതായാലും ഒരുപാട് മുന്നോട്ടു നീട്ടാതെ, ജൂൺ മൂന്നിന് പകരം ജൂൺ പത്തിനാവും ചിത്രം തീയേറ്ററുകളിലെത്തുക എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിവിൻ പോളി നായകനായെത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, പൂർണ്ണിമ ഇന്ദ്രജിത് എന്നിവരും വേഷമിട്ടിട്ടുണ്ട്.
റിലീസ് നീട്ടിയ വിവരം അറിയിച്ചു കൊണ്ട് ചിത്രത്തിലെ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, “അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ “തുറമുഖ”ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കേണ്ടി വന്നിരിക്കുന്നു. കോവിഡും സാമ്പത്തിക കുടുക്കുകളും തീയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തീയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്! ശുഭാപ്തി വിശ്വാസത്തോടെ, തുറമുഖത്തിന്റെ അണിയറ പ്രവർത്തകർ..”