മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ മൂന്ന് നായികമാർ ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യഘട്ട ചിത്രീകരണം ഫെബ്രുവരി പത്തിന് മംഗലാപുരത്ത് തുടങ്ങും. ഇരുപത് ദിവസത്തെ ചിത്രീകരണമാണ് ആദ്യ ഷെഡ്യൂളിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഏപ്രിലിൽ തുടങ്ങുന്ന രണ്ടാം ഘട്ട ഷെഡ്യൂളിൽ ആയിരിക്കും നായികമാർ ജോയിൻ ചെയ്യുക എന്നാണ് സൂചന. കഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
12 വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് സജീവ് പിള്ള ഈ ചിത്രം ഒരുക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ചാവേറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. അതേസമയം 1979ൽ പ്രേം നസീറിനെ നായകനാക്കി നവോദയ അപ്പച്ചന്‍ നിര്‍മിച്ച് ‘മാമാങ്കം’ എന്ന പേരിൽ ഒരു ചിത്രം വെള്ളിത്തിരയിലെത്തിയിരുന്നു.
സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്നും മാമാങ്കം എന്ന ശീര്‍ഷകം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി മുൻപ് വ്യക്തമാക്കുകയുണ്ടായി. താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും വലിയ സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ‘മാമാങ്കം’ നിർമ്മിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായ നാലു കഥാപാത്രങ്ങളും എഴുപതോളം ഉപ കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. കളരി അടിസ്ഥാനമാക്കിയുള്ള ആയോധനമുറകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ ആറോ ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രീകരിക്കുക. ഓരോ ഷെഡ്യൂളിനു മുൻപും റിഹേഴ്സൽ ക്യാംപും നടത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരൻമാരാണ് ചിത്രത്തിൽ സഹകരിക്കുന്നത്. ഭാരതപ്പുഴയുടെ തീരം പാടേ മാറിയതിനാൽ യഥാർഥ ലൊക്കേഷൻ ഉപയോഗപ്പെടുത്താൻ പരിമിതിയുണ്ടെന്നും അതുകൊണ്ടുതന്നെ ഗ്രാഫിക്സിനും സെറ്റിനും പ്രാധാന്യമുണ്ടാകുമെന്നും സംവിധായകൻ മുൻപ് പറയുകയുണ്ടായി. അതേസമയം, ഫാന്റസി ശൈലിയിലുള്ള ഗ്രാഫിക്സ് ഒഴിവാക്കി യാഥാർഥ്യത്തോടു ചേർന്നുനിൽക്കുന്ന അവതരണമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.