ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ഇപ്പോൾ ഇന്ത്യൻ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയം. ഇന്ത്യക്കു അകത്തു നിന്നും പുറത്തു നിന്നും വലിയ പ്രശംസ ലഭിക്കുന്ന ഈ ചിത്രം മഹാവിജയമാണ് നേടുന്നത്. ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേക്ഷകർ, സിനിമാ പ്രവർത്തകർ തുടങ്ങി മറ്റു മേഖലയിലെ പ്രശസ്തരും വരെ ഇപ്പോൾ ദൃശ്യം 2 കണ്ടു ജീത്തു ജോസഫിനും മോഹൻലാലിനും മുരളി ഗോപിക്കുമെല്ലാം അഭിനന്ദനം അറിയിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്. പ്രശസ്ത മലയാള സാഹിത്യകാരൻ എൻ എസ് മാധവനാണ് ഇപ്പോൾ ഈ ചിത്രത്തേയും ഇതിലെ പ്രകടനത്തിന് മോഹൻലാൽ, മുരളി ഗോപി എന്നിവരേയും പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. ദൃശ്യം 2 ഗംഭീരമായെന്നും ദൃശ്യം 3 കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു. ചിത്രത്തിലെ ഏതു രംഗമാണ് എടുത്തു പറയാൻ തോന്നുന്നത് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എൻ എസ് മാധവൻ പറയുന്നത് മോഹൻലാൽ കഥാപാത്രം ഉറക്കമുണർന്നു തന്റെ ഫോൺ പരതുന്ന രംഗമാണെന്നാണ്. മോഹൻലാലിന്റെ വിരലുകൾ പോലും അഭിനയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതുപോലെ മുരളി ഗോപിയുടെ പ്രകടനവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്. കേരളാ സമൂഹത്തിന്റെ ഒരു നേർക്കാഴ്ച കൂടി ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. ദൃശ്യം 2 റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കഴിയുമ്പോഴും ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും മോഹൻലാലിനും ജീത്തു ജോസഫിനുമുള്ള അഭിനന്ദന പ്രവാഹം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കും. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്.