സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ ആഗ്രഹിക്കാത്ത തെന്നിന്ത്യൻ സംവിധായകരുണ്ടാവില്ല. എന്നാൽ തെന്നിന്ത്യയിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതും വിജയം നേടിയതുമായ സംവിധായകരിലൊരാളായി മാറിയിട്ടും 94 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും ഇതുവരെ രജനികാന്തിനെ വെച്ച് ഒരു ചിത്രമൊരുക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ. അദ്ദേഹത്തെ വെച്ച് ചിത്രമൊരുക്കാനാഗ്രഹിക്കാത്തവർ ഉണ്ടാവില്ലെന്ന് പറഞ്ഞ പ്രിയദർശൻ പറയുന്നത് താനും രജനികാന്ത് എന്ന താരത്തിന്റെ ഒരാരാധകൻ ആണെന്നാണ്. എന്നാൽ വർഷങ്ങൾക്കു മുൻപ് തങ്ങൾ ചർച്ച ചെയ്ത പോലെ ഒരു ചിത്രം നടന്നിരുന്നെങ്കിൽ പോലും തനിക്കു ഒരിക്കലും രജനികാന്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നല്കാൻ കഴിയുമായിരുന്നില്ല എന്നാണ് പ്രിയദർശൻ പറയുന്നത്. രജനികാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ രണ്ടു മൂന്നു തവണ ഓഫർ വന്നെങ്കിലും താനത് ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശൈലിയിൽ ചിത്രമൊരുക്കാൻ തനിക്കു കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ടാണെന്നും പ്രിയദർശൻ ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴും താൻ സ്‌ക്രീനിൽ കാണാൻ ഏറ്റവുമിഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് തലൈവർ രജനീകാന്തെന്നും എന്നാൽ അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ആവേശം കൊള്ളുകയുമൊക്കെ ചെയ്യുന്ന ഒരു ആരാധകൻ മാത്രമായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒരു സംവിധായകനെന്ന നിലയിൽ തന്റെ ചിന്തകൾക്കും ശൈലിക്കുമൊക്കെ അപ്പുറമാണ് അദ്ദേഹമെന്നും പ്രിയദർശൻ വിശദീകരിച്ചു. പ്രിയദർശൻ താൻ വളരെയധികം ഇഷ്ട്ടപെടുന്ന ഒരു സംവിധായകനാണെന്നു രജനികാന്ത് പണ്ട് പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ബ്ലോക്കബ്സ്റ്റർ മോഹൻലാൽ ചിത്രം റിലീസിന് മുൻപേ തന്നെ കണ്ട രജനികാന്ത് ആ ചിത്രം റീമേക് ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിച്ചുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.