ജഗതിയുടെ റോൾ സുരേഷ് ഗോപി ചെയ്ത് കയ്യടി നേടിയപ്പോൾ..!

Advertisement

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എൺപതുകൾ മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം അഭിനയിച്ചത് ആയിരത്തിലധികം ചിത്രങ്ങളിൽ. നായകനായും വില്ലനായും സ്വഭാവ നടനായും ഹാസ്യ നടനായുമെല്ലാം തന്റെ കഴിവ് തെളിയിച്ച ജഗതി ശ്രീകുമാർ കുറച്ചു വർഷം മുൻപുണ്ടായ ഒരു അപകടത്തെ തുടർന്ന് ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. അദ്ദേഹത്തിന് ഒരു പകരക്കാരനെ ഇനി നമ്മുക്ക് ലഭിക്കില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെ പോലെ ഏത് കഥാപാത്രവും അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്ന നടമാർ നമ്മുക്ക് വളരെ കുറവാണു താനും. ജഗതിക്ക് വേണ്ടി രചിച്ച കഥാപാത്രം മറ്റാരെക്കൊണ്ടും ചെയ്തു ഫലിപ്പിക്കാൻ പറ്റില്ല എന്ന് മലയാളത്തിലെ പ്രമുഖ സംവിധായകരും രചയിതാക്കളും പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ ജഗതിക്ക് വേണ്ടി തയ്യാറാക്കിയ ഒരു റോൾ അദ്ദേഹത്തിനു ചെയ്യാൻ സാധിക്കാത്തതു കൊണ്ട് സുരേഷ് ഗോപി ഏറ്റെടുക്കുകയും, അതിലെ ഗംഭീര പ്രകടനം കൊണ്ട് സുരേഷ് ഗോപി കയ്യടി മേടിക്കുകയും ചെയ്തിട്ടുണ്ട്.

നമ്മൾ പറഞ്ഞു വരുന്നത് ഡെന്നിസ് ജോസഫ് എഴുതി സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിലെ മിന്നൽ പ്രതാപൻ എന്ന മണ്ടനായ പോലീസ് ഓഫീസർ കഥാപാത്രത്തെ കുറിച്ചാണ്. മനു അങ്കിളിൽ സുരേഷ് ഗോപിയല്ല, ജഗതി ശ്രീകുമാർ ആയിരുന്നു മിന്നൽ പ്രതാപന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത് എന്നും, പക്ഷെ ഷൂട്ടിങ് ദിവസം അദ്ദേഹത്തിന് വന്നെത്താൻ സാധിച്ചില്ല എന്നും ഡെന്നിസ് ജോസഫ് പറയുന്നു. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിലെ ക്ലെെമാക്സ് സീനിന്റെ ലൊക്കേഷനിൽ അപ്പോഴാണ് ആകസ്മികമായി സുരേഷ് ഗോപിയെത്തുന്നത്. സുരേഷ് ഗോപിയുടെ വീട് കൊല്ലത്തായതു കൊണ്ട് അദ്ദേഹം ഡെന്നിസ് ജോസഫിനെയും ജൂബിലി ജോയിയെയും മറ്റു സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ഊണ് കഴിക്കാൻ വേണ്ടി ക്ഷണിക്കാൻ വന്നതായിരുന്നു. അപ്പോഴാണ് വേറെ തിരക്കുകൾ ഇല്ലെങ്കിൽ മിന്നൽ പ്രതാപനെ അവതരിപ്പിക്കാമോ എന്ന് ഡെന്നിസ് ജോസഫ് സുരേഷ് ഗോപിയോട് ചോദിക്കുന്നതും, അദ്ദേഹം സമ്മതിക്കുന്നതും. ജഗതിയ്ക്ക് വേണ്ടി മാറ്റി വച്ച പോലീസ് യൂണിഫോമെടുത്ത് ചെറുതായി ആൾട്ടർ ചെയ്ത് സുരേഷ് ഗോപിയ്ക്ക് നൽകുകയും അദ്ദേഹം അവിടെയെത്തി ഒരു പതിനഞ്ച് ഇരുപത് മിനിറ്റുകൾക്കുള്ളിൽ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. ഏതായാലും ഇന്നും സിനിമാ പ്രേമികൾ ഓർത്തിരിക്കുന്ന ഒരു കോമഡി കഥാപാത്രമാണ് മിന്നൽ പ്രതാപൻ. മമ്മൂട്ടി നായകനായ ആ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close