മമ്മൂട്ടിയും രജനിയും സുരേഷ് ഗോപിയും; ഗള്‍ഫ് യുദ്ധം തകര്‍ത്ത ആ സിനിമ…!

Advertisement

അന്തരിച്ചു പോയ പ്രശസ്ത രചയിതാവ് ഡെന്നിസ് ജോസഫിന്റെ കരിയറിൽ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മനു അങ്കിൾ. കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആയി വന്ന ആ ചിത്രത്തിൽ നായക വേഷത്തിൽ മമ്മൂട്ടി അഭിനയിച്ചപ്പോൾ അതിഥി വേഷത്തിൽ മോഹൻലാലും ഒരു ഹാസ്യ കഥാപാത്രമായി സുരേഷ് ഗോപിയും എത്തിയിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും ആ ചിത്രം നേടിയെടുത്തു. എന്നാൽ യഥാർത്ഥത്തിൽ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യാൻ തുടങ്ങിയ ചിത്രം അതായിരുന്നില്ല. വെണ്മേഘ ഹംസങ്ങൾ എന്നു പേരിട്ട ഒരു ചിത്രമായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യാൻ ആരംഭിച്ചത്. മമ്മൂട്ടി, രജനികാന്ത്, സുരേഷ് ഗോപി, ത്യാഗരാജൻ, സുഹാസിനി, സുമലത എന്നിവർ ഉൾപ്പെടുന്ന വമ്പൻ താരനിര ആയിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ആ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു ഡെന്നീസിന്. അവസാനം മമ്മൂട്ടിയുടെ ഡേറ്റ് നഷ്ടപ്പെടാതിരിക്കാൻ പെട്ടെന്ന് ഒരുക്കിയ ചിത്രമാണ് മനു അങ്കിൾ. പക്ഷെ ആ ചിത്രം ഡെന്നിസ് ജോസഫ് എന്ന സംവിധായകന് ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടിക്കൊടുത്തു. ശേഷം മോഹൻലാൽ നായകനായ അപ്പു, മമ്മൂട്ടി അഭിനയിച്ച അഥർവം, മനോജ് കെ ജയൻ അഭിനയിച്ച അഗ്രജൻ, സായ് കുമാർ അഭിനയിച്ച തുടർക്കഥ എന്നീ ചിത്രങ്ങളും ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തു. ഒമർ ലുലു ഒരുക്കുന്ന ബാബു ആന്റണി ചിത്രം പവർ സ്റ്റാറിലൂടെ ഈ വർഷം ശക്തമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഏതായാലും മലയാള സിനിമക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close