ദാസനും വിജയനും വെള്ളിത്തിരയില്‍ വന്നിട്ട് ഇന്നേക്ക് 30 വര്‍ഷം

Advertisement

മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ‘ നാടോടിക്കാറ്റ്’. ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസ് ആയിട്ട് ഇന്ന് 30 വർഷം തികയുകയാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ഒരു കോട്ടവും തട്ടാതെ നാടോടിക്കാറ്റിലെ ദാസനും വിജയനും ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിവിദഗ്ദമായി വരച്ചുകാട്ടാൻ ചിത്രത്തിന്റെ സംവിധായകനും കഥാപാത്രങ്ങൾക്കും കഴിഞ്ഞു. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത ‘പട്ടണപ്രവേശം’, പ്രിയദർശൻ സം‌വിധാനം ചെയ്ത ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങൾ പിൽക്കാലത്ത് നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങുകയുണ്ടായി.

ചെറിയ ശമ്പളത്തിന് ശിപായിപ്പണി ചെയ്തുവരുന്ന രാമദാസ് എന്ന ദാസനും വിജയനും (ശ്രീനിവാസൻ) ജോലി നഷ്ടപ്പെടുന്നിടത്ത് നിന്നുമാണ് കഥയുടെ തുടക്കം. ബി.കോം ഫസ്റ്റ് ക്ലാസിൽ പാസായ ദാസനും പി.ഡി.സി. തോറ്റ വിജയനും തമ്മിലുള്ള ആരോഗ്യകരമായ പ്രശ്‌നങ്ങളിലൂടെയുള്ള സൗഹൃദവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ജോലി നഷ്ടപെട്ട രണ്ട് പേരും ലോണെടുത്ത് ബിസിനസ്സ് തുടങ്ങാം എന്ന പദ്ധതിയിൽ രണ്ട് പശുക്കളെ വാങ്ങുകയാണ്. വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുദ്യോഗസ്ഥർ സമീപിക്കാൻ തുടങ്ങിയതോടുകൂടി ഇരുവരും ഒരു ഏജന്റ് വഴി ഗൾഫിലേക്ക് പോകാൻ തീരുമാനിക്കുന്നു. അവരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി വിധി അവരെ വീണ്ടും ചതിക്കുകയാണ്. ഏജന്റിന്റെ ചതിയിലൂടെ ദാസനും വിജയനും ചെന്നൈയിലാണ് എത്തിപ്പെടുന്നത്. കഥയുടെ രണ്ടാം ഭാഗം ഇവിടെ നിന്നും ആരംഭിക്കുന്നു. ‘ചക്ക വീണ് മുയൽ ചത്തു’ എന്ന് പറയപ്പെടുന്നത് പോലെ നാടകീയമായ രംഗങ്ങൾക്കൊടുവിൽ ദാസനും വിജയനും സി.ഐ.ഡി ഓഫീസർമാരാകുന്നിടത്ത് എല്ലാം ശുഭമായി അവസാനിക്കുകയാണ്.

Advertisement

ചിത്രത്തിന്റെ ക്ലൈമാക്സ് ആദ്യം മറ്റൊരു രീതിയിലായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സത്യൻ അന്തിക്കാട് ഇതിന് വിയോജിപ്പ് പ്രകടിപ്പിച്ചതിനാൽ രണ്ടാമത് ശ്രീനിവാസൻ കഥ തിരുത്തി എഴുതുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായാണ് നാടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷവും ആ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകപിന്തുണ തന്നെ അതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ദാസനും വിജയനും അവരുടെ ചെറിയ പ്രശ്‌നങ്ങളും ഇന്നും സിനിമാപ്രേമികളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close