2019 ഇൽ 100 ദിവസം ഓടിയ മലയാള ചിത്രങ്ങൾ ഇതാ

Advertisement

2019 എന്ന വർഷം അവസാനിക്കാൻ ഇനി ഒരു മാസത്തിൽ താഴെ ആണ് ബാക്കിയുള്ളത്. മലയാള സിനിമയ്ക്കു പൊതുവെ മോശമല്ലാത്ത ഒരു വർഷമായിരുന്നു 2019. വാണിജ്യ വിജയങ്ങളും അതുപോലെ കലാമൂല്യമുള്ള മികച്ച ചിത്രങ്ങളും ഒരേ പോലെ ലഭിച്ച വർഷം. പല കൊച്ചു ചിത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച വർഷം കൂടിയാണ് ഇത്. ഇനി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾ 2019 ഇൽ നൂറു ദിവസം തീയേറ്ററുകളിൽ ഓടില്ല എന്നിരിക്കെ ഈ വർഷം നൂറു ദിവസങ്ങൾ തീയേറ്ററുകളിൽ പിന്നിട്ട മലയാള ചിത്രങ്ങൾ ഏതെന്നു നമ്മുക്ക് നോക്കാം.

വിജയ് സൂപ്പറും പൗർണ്ണമിയും

Advertisement

ഈ ആസിഫ് അലി- ജിസ് ജോയ് ചിത്രമാണ് 2019 ലെ മലയാളത്തിലെ ആദ്യത്തെ ഹിറ്റ്. ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ടിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചത് സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ ഹാട്രിക്ക് വിജയം ആയിരുന്നു.

കുമ്പളങ്ങി നൈറ്റ്സ്

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശ്യാം പുഷ്കരനും നിർമ്മിച്ചത് ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവരും ചേർന്നാണ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ്, അന്ന ബെൻ എന്നിവർ അഭിനയിച്ച ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടി ഒരുപോലെ നേടിയെടുത്തു.

ലൂസിഫർ

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ചിത്രമാണ് ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്. പുലിമുരുകന് ശേഷം മലയാളത്തിലെ രണ്ടാമത്തെ നൂറു കോടി ചിത്രമായ ലൂസിഫർ ഇരുനൂറു കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തി ചരിത്രം രചിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

മധുര രാജ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ഈ ചിത്രം സംവിധാനം ചെയ്തത് വൈശാഖും രചിച്ചത് ഉദയ കൃഷ്ണയും ആണ്. തമിഴ് നടൻ ജയ് ഉൾപ്പെടെ വലിയ താരനിര അണിനിരന്ന ഈ ചിത്രം നിർമ്മിച്ചത് നവാഗതനായ നിർമ്മാതാവ് നെൽസൺ ഐപ്പ് ആണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രം വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം ആയിരുന്നു.

ഉയരെ

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. പാർവതി നായികാ വേഷം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നിർമ്മാതാവ് പി വി ഗംഗാധരന്റെ മക്കൾ ചേർന്നാണ്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും അഭിനയിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസ കൂടി നേടിയെടുത്തിരുന്നു.

പൊറിഞ്ചു മറിയം ജോസ്

ജോജു ജോർജിനെ നായകനാക്കി ജോഷി ഒരുക്കിയ ഈ ചിത്രം വലിയ വിജയം ആണ് നേടിയെടുത്തത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോഷി വലിയ തിരിച്ചു വരവ് കാഴ്ച വെച്ച ഈ ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. അഭിലാഷ് എൻ ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. ഡേവിഡ് കാച്ചപ്പിള്ളി, കീർത്തന മൂവീസ് എന്നിവരോടൊപ്പം ചേർന്ന് ജോജു ജോർജ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്.

ലവ് ആക്ഷൻ ഡ്രാമ

ഓണം റിലീസ് ആയി എത്തിയ ഈ നിവിൻ പോളി ചിത്രം രചിച്ചു സംവിധാനം ചെയ്‌തത്‌ പ്രശസ്ത നടൻ ആയ ധ്യാൻ ശ്രീനിവാസൻ ആണ്. അജു വർഗീസ്, വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ് നായികാ വേഷത്തിൽ എത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close