ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രം ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ , ഗാനങ്ങൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായും മാറിയിരുന്നു. അതുപോലെ ഒരു വമ്പൻ ട്രെയ്‌ലറും ആരാധകർ പ്രതീക്ഷിച്ചിരുന്നു എങ്കിലും, ചിത്രത്തിന് ട്രൈലെർ ഉണ്ടാവില്ല എന്നും, ചിത്രത്തിലെ ഗംഭീര ആക്ഷൻ കാഴ്ചകൾ തീയേറ്ററിൽ ആസ്വദിക്കാനായി തങ്ങൾ കരുതി വെക്കുകയാണെന്നും ‘മാർക്കോ’ ടീം അറിയിച്ചു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദനിയാണ്.
സെൻസറിങ് പൂർത്തിയായ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മലയാളം കണ്ട ഏറ്റവും വയലൻസ് ഉള്ള ചിത്രമാണ് ‘മാർക്കോ’ എന്ന വാർത്തകളാണ് വരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ‘മാർക്കോ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിൽ ആരംഭിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിട്ടുണ്ട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്ത ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന് കാമറ ചലിപ്പിച്ചത് ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്.