ദൃശ്യം 2 വൈകും; കാരണം ഇതാ..

Advertisement

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് 2013 ൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം. ഒരുപാട് നിരൂപക പ്രശംസകൾ നേടുകയും ഇൻഡസ്‌ട്രി ഹിറ്റും ചിത്രം സ്വന്തമാക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് അടുത്തിടെ ദൃശ്യം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തുകയുണ്ടായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. നാളെയാണ് ദൃശ്യം 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുവാൻ നിഞ്ചയിച്ച ദിവസം.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ച വൈകും. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് നടൻ മോഹൻലാൽ. അടുത്ത വാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വളരെ പരിമിതമായ ആളുകളെ വെച്ചാണ് ഷൂട്ടിംഗ് നടത്താൻ ഒരുങ്ങുന്നത്. ലോക്ക് ഡൗൺ സമയത്താണ് ജീത്തു ജോസഫ് സിനിമയുടെ തിരക്കഥാ രചന പൂർത്തിയാക്കിയത്. കോവിഡ് പ്രശ്നം മൂലം ക്രൗഡ് വരുന്ന രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരിക്കില്ല എന്നും അഭിമുഖത്തിൽ സംവിധായകൻ സൂചിപ്പിച്ചിരുന്നു. ആദ്യ ഭാഗത്തിലെ ഒരുപാട് താരങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ- മീന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണുവാൻ ഏറെ പ്രതീക്ഷയോടെ ഇരിക്കുകയാണ് സിനിമ പ്രേമികൾ. തൊടുപുഴയും എറണാകുളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ദൃശ്യം 2 പൂർത്തിയാക്കിയ ശേഷമേ ജീത്തു ജോസഫ്‌ പാതി വഴിയിൽ കിടക്കുന്ന ചിത്രമായ റാം പൂർത്തിയാക്കുകയുള്ളൂ എന്നും സൂചിപ്പിച്ചിരുന്നു. മോഹൻലാൽ- തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന റാം ഇനി വിദേശത്താണ് ചിത്രീകരണം ബാക്കിയുള്ളത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close