![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/01/theni-eashwar-getting-appreciation-for-his-fabulous-visuals-mammooottys-nanpakal-nerathu-mayakkam.jpg?fit=1024%2C592&ssl=1)
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത മയക്കമാണ് ഇപ്പോൾ മലയാളി സിനിമ പ്രേക്ഷകരുടെ ചർച്ചാ വിഷയം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ജീനിയസ് സംവിധായകന്റെ മേക്കിങ് മികവും, എസ് ഹരീഷ് എന്ന രചയിതാവിന്റെ തിരക്കഥയും മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ പ്രകടന മികവുമെല്ലാം പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. പ്രേക്ഷകരും നിരൂപകരും മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തെ ആ തലത്തിലേക്ക് ഉയർത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ച മറ്റൊരാളാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച തേനി ഈശ്വർ. പഴനിയിലെ ഒരു തമിഴ് ഗ്രാമത്തിന്റെ ഭംഗിയും അവിടുത്തെ കാഴ്ചകളും അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത് അതിമനോഹരമായാണ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രികന്റെ സങ്കൽപ്പത്തിലെ ഫ്രെയിമുകൾക്ക് തേനി ഈശ്വർ കണ്ണുകളായി മാറിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും മറക്കാൻ സാധിക്കാത്ത ദൃശ്യങ്ങളാണ്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/01/nanpakal-nerathu-mayakkam-movie-still-photo-1.jpg?resize=1078%2C718)
![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/01/nanpakal-nerathu-mayakkam-location-image.jpg?resize=1078%2C719)
സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും നമ്മുക്കൊപ്പം പോരുന്ന ആ ദൃശ്യങ്ങൾ, നമ്മൾ സ്‌ക്രീനിൽ കണ്ടതിലും കൂടുതൽ കഥകൾ പറയുന്നുണ്ട്. പ്രേക്ഷകരുടെ മനസ്സുകളെ സുന്ദരത്തിന്റെ ഗ്രാമത്തിൽ തളച്ചിടുന്ന ദൃശ്യങ്ങളാണ് തേനി ഈശ്വർ സമ്മാനിച്ചിരിക്കുന്നത്. കഥക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇതളുകളെ പ്രേക്ഷകർക്ക് തങ്ങളുടെ ഭാവനക്കൊപ്പം അടർത്തിയെടുക്കാൻ സാധിക്കുന്നതും, അതിന് അവരെ പ്രേരിപ്പിക്കുന്നതും ഈ ദൃശ്യങ്ങളാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഷോട്ടുകൾക്ക് അപാരമായ ആഴവും ഭംഗിയും നല്കാൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് കഴിഞ്ഞതിന് കാരണവും തേനി ഈശ്വർ എന്ന ഛായാഗ്രാഹകന്റെ പ്രതിഭയുടെ ധാരാളിത്തം കൊണ്ടാണെന്ന് സംശയമില്ലാതെ തന്നെ പറയാം. ചിത്രത്തിലെ അഭിനേതാക്കളുടെ സൂക്ഷ്മ ചലനങ്ങൾ പോലും ഒപ്പിയെടുക്കുമ്പോഴും കഥയുടേയും കഥാപരിസരത്തിന്റെയും ആത്മാവും അതിനൊപ്പം സന്നിവേശിപ്പിക്കാൻ സംവിധായകന് സാധിച്ചതിന് ഒരു കാരണം തേനി ഈശ്വർ എന്ന ഛായാഗ്രാഹകന്റെ മികവാണ്. മമ്മൂട്ടിക്കും ലിജോക്കും ഒപ്പം നൻപകൽ നേരത്ത് മയക്കം ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് തേനി ഈശ്വർ എന്ന ഛായാഗ്രാഹകന്റെ പ്രതിഭ കൂടിയാണ്. ഒരു ഉച്ച മയക്കത്തിലേക്ക് പ്രേക്ഷകരുടെ മനസ്സുകളെ കൂടെ നയിച്ചതും ഒരു മായാ ലോകത്തെന്ന പോലെ മാന്ത്രികമായ ദൃശ്യങ്ങളിൽ കൂടി അവരെ സഞ്ചരിപ്പിച്ചതും ഈ പ്രതിഭയുടെ കൂടെ മികവാണെന്നത് അടിവരയിട്ടു പറയേണ്ട വസ്തുതയാണ്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/01/nanpakal-nerathu-mayakkam-movie-still-photo-2.jpg?resize=1078%2C718)
![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/01/nanpakal-nerathu-mayakkam-movie-still-photo-3.jpg?resize=1078%2C718)