സംസ്ഥാനത്തു തിങ്കളാഴ്ച മുതൽ തീയേറ്ററുകൾ തുറക്കുമെന്നുള്ള വാർത്തകൾക്കും സിനിമാ പ്രേമികളുടെ പ്രതീക്ഷകൾക്കും തിരിച്ചടി കിട്ടുന്ന തീരുമാനമാണ് ഇപ്പോൾ കേരളത്തിലെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് എടുത്തിരിക്കുന്നത്. സംസ്ഥാനത്തു ഉടനെ തീയേറ്റർ തുറക്കേണ്ടതില്ല എന്ന തീരുമാനമാണ് സംഘടനയുടെ തലപ്പത്തുള്ളവർ കൈക്കൊണ്ടത്. സംഘടനാ പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ, ചെയർമാൻ നടൻ ദിലീപ് എന്നിവർ ഈ തീരുമാനത്തിന് ശ്കതമായ പിന്തുണ നൽകിയതോടെ ഇങ്ങനെ ഒരു നിർണ്ണയത്തിലെത്തുകയായിരുന്നു. വിജയ് ചിത്രമായ മാസ്റ്റർ റിലീസ് ചെയ്തു കൊണ്ട് ജനുവരി 13 നു ഇനി തീയേറ്റർ തുറക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്നും നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്നുള്ള കാര്യം ഓര്‍ക്കണമെന്നും നടൻ ദിലീപ് യോഗത്തിൽ അഭിപ്രായപ്പെട്ടു. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബർ യോഗത്തിലും തീരുമാനം എടുത്തിരുന്നു. ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവദിക്കണം, ടാക്സ് ഒഴിവാക്കണം, വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ ഇളവ് വരുത്തണം എന്നുള്ളതൊക്കെയാണ് നിര്‍മ്മാതാക്കളും, വിതരണക്കാരും തീയേറ്റർ ഉടമകളും ചേർന്ന് സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ പറയുന്നത്. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അമ്പതു ശതമാനം മാത്രം കപ്പാസിറ്റിയിൽ ദിവസേന മൂന്നു ഷോകൾ നടത്താനുള്ള അനുമതിയാണ് സർക്കാർ നൽകിയിരുന്നത്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. തിയറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള കുടിശിക പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അവരുടെ നിലപാട്.