മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് ഇനി മുതൽ ഫാൻസ് ഷോകൾ അനുവദിക്കേണ്ട എന്ന കടുത്ത തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കേരളത്തിലെ തീയേറ്റർ സംഘടന ആയ ഫിയോക്. ഫാന്‍സ് ഷോകള്‍ സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് സംഭവിക്കുന്നത് എന്നും തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം നല്‍കുന്ന മോശം പ്രതികരണമാണെന്നും വിജയകുമാർ പറയുന്നു. സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല എന്നത് കൊണ്ട് തന്നെ, ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ് എന്നും, അടുത്ത മാസം 29ന് നടക്കുന്ന ജനറല്‍ ബോഡിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു.
ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾക്കു ഉണ്ടാകാൻ സാധ്യത ഉള്ള ഡീഗ്രേഡിങ്, ഫാന്‍സ് ഷോ നിര്‍ത്തലാക്കുന്നതോടെ ഒരു പരിധി വരെ തടയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഫിയോക്ക് എന്നും വിജയകുമാർ പറയുന്നു. ഇത്തരത്തിലുള്ള ഡീഗ്രേഡിംഗുകള്‍ ദൂരവ്യാപകമായി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നു നേരത്തെ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. മോഹൻലാൽ നായകനായ ആറാട്ട് സിനിമക്കെതിരെ വ്യാജപ്രചരണം നടത്തിയ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. വരുന്ന ആഴ്ച റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വത്തിനും ഫാന്‍സ് ഷോ തീരുമാനിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മരക്കാർ, ഒടിയൻ എന്നിവക്ക് ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഷോകൾ കളിച്ചിട്ടുള്ളത്. മരക്കാർ 900 നു മുകളിൽ ഫാൻസ് ഷോകൾ കളിച്ചപ്പോൾ ഒടിയൻ കളിച്ചതു 400 നു മുകളിൽ ഫാൻസ് ഷോകൾ ആണ്. പിന്നീട് ഏറ്റവും കൂടുതൽ ഫാൻസ് ഷോകൾ കിട്ടുന്നത് ദളപതി വിജയ് ചിത്രങ്ങൾക്ക് ആണ്. മമ്മൂട്ടി ചിത്രങ്ങൾ ആണ് അതിനു തൊട്ടു പിന്നിൽ ഉള്ളത്.