കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് അവസാന വാരം മുതൽ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിൽ ആണ്. എന്നാൽ മാർച്ച് മാസം രണ്ടാം വാരം മുതൽ തന്നെ കേരളത്തിലേത് അടക്കമുള്ള തീയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. അഖിലേന്ത്യാ തലത്തിൽ സിനിമാ രംഗം നിശ്ചലമായി കിടക്കുകയാണ്. ഏപ്രിൽ പതിനാലാം തീയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അതിനു ശേഷമുള്ള കാര്യം ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കില്ല എന്നും നിയന്ത്രണങ്ങളോടെയുള്ള ഒരു തുറക്കൽ മാത്രമേ എല്ലാ രംഗത്തും ഉണ്ടാവുകതയുള്ളു എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. അതിൽ തന്നെ ആളുകൾ കൂടാൻ സാധ്യത ഉള്ള തീയേറ്ററുകൾ, മാളുകൾ എന്നിവ അടച്ചിടുന്നത് തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും തീയേറ്ററുകൾ ഇനി അടുത്തിടെ ഒന്നും തുറന്നു പ്രവർത്തിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്. മെയ് അവസാന വാരം ഈദിനോട് അനുബന്ധിച്ചെങ്കിലും തീയേറ്ററുകൾ തുറക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇപ്പോൾ തന്നെ ചലച്ചിത്ര മേഖലയിൽ സംഭവിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണം, പ്രീ പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി എല്ലാത്തരം സിനിമാ പ്രവർത്തനങ്ങളും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. താരതമ്യേന ചെറിയ ഇന്ഡസ്ട്രിയായ മലയാളത്തിന് താങ്ങാനാവാത്ത നഷ്ടമാണ് ഇതിനോടകം വന്നിരിക്കുന്നത് എന്നാണ് സൂചന. ഏതായാലും മാർച്ച്- ഏപ്രിൽ മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന പത്തോളം ചിത്രങ്ങളുടെ റിലീസിന് ശേഷം മാത്രമേ ഇനി മറ്റു മലയാള ചിത്രങ്ങൾക്ക് റിലീസ് ഡേറ്റുകൾ നൽകു എന്നാണ് ഇപ്പോഴുള്ള തീരുമാനം.