ഇതിഹാഹസ വിജയം നേടിയ ആ മാസ്സ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് രംഗം ഒരുക്കിയത് പ്രിയദർശൻ; അതിനു പിന്നിലെ കഥ ഇങ്ങനെ..!

Advertisement

1997 എന്ന വർഷം മലയാള സിനിമയ്ക്കു ഒരു ഗംഭീര വർഷമായിരുന്നു. മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ ആണ് ആ വർഷം മലയാള സിനിമയ്ക്കു ലഭിച്ചത്. അങ്ങനെ ഒരു വർഷം മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഫാസിൽ- കുഞ്ചാക്കോ ബോബോൺ ചിത്രം അനിയത്തിപ്രാവ്, മോഹൻലാൽ- പ്രിയദർശൻ ചിത്രം ചന്ദ്രലേഖ, മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാൻ എന്നിവയാണ് ആ ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ. അതിൽ തന്നെ ആ വർഷത്തെ ക്രിസ്മസ് റിലീസ് ആയി എത്തിയ ആറാം തമ്പുരാൻ നേടിയത് സമാനതകൾ ഇല്ലാത്ത വിജയമാണ്. രഞ്ജിത് തിരക്കഥ ഒരുക്കി മോഹൻലാൽ- മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിച്ച ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറി. രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട അതിലെ ഹരിമുരളീരവം എന്ന യേശുദാസ് പാടിയ ഗാനം മലയാള സിനിമയിലെ ക്ലാസ്സിക്കുകളുടെ പട്ടികയിലാണ് ഇടം പിടിച്ചത്. വളരെ ദൈർഘ്യമേറിയ ഒരു ഗാനം കൂടിയായിരുന്നു ഹരിമുരളീരവം. എന്നാൽ ആ ഗാനവുമായി വളരെ വലിയ ഒരു ബന്ധം സംവിധായകൻ പ്രിയദർശനും ഉണ്ട്. കാരണം, ആ ഗാനം ചിത്രീകരിച്ചത് അദ്ദേഹമായിരുന്നു.

കമ്പോസ് ചെയ്തപ്പോൾ 12 മിനിറ്റോളം ദൈർഘ്യമുള്ള ഗാനമായിരുന്നു അത്. എന്നാൽ ചിത്രീകരിക്കാനുള്ള പ്രശ്നങ്ങൾ കൂടി മോഹൻലാൽ ഉൾപ്പെടെയുള്ളവർ ചൂണ്ടി കാട്ടിയപ്പോൾ അതിന്റെ ദൈർഘ്യം എട്ടു മിനിറ്റോളം ആയി കുറക്കുകയും ചെയ്തു. മഹാബലിപുരത്ത് സെറ്റിട്ട് നിരവധി കലാകാരൻമാരെയും ഏർപ്പാടാക്കി ഈ ഗാനം ചിത്രീകരിക്കാൻ ഒരുങ്ങവേയാണ് ഷാജി കൈലാസിന് നാട്ടിൽ നിന്ന് ഒരു കാൾ വരുന്നത്. ഭാര്യയെ പ്രസവത്തിനായി കയറ്റിയിരിക്കുന്നു. ഭാര്യ ആനിയുടെ ആദ്യ പ്രസവമായതിനാൽ ഷാജി കൂടെയില്ലാതെ പറ്റുകയുമില്ല. എന്നാൽ ഷൂട്ടിംഗ് മാറ്റി വെച്ചാൽ സംഭവിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടവും. അങ്ങനെ ഷാജി കൈലാസ് ധർമ സങ്കടത്തിൽ നിൽക്കുമ്പോഴാണ് മോഹൻലാലിനെ ഒന്ന് കണ്ടിട്ട് പോകാൻ സാക്ഷാൽ പ്രിയദർശൻ സെറ്റിൽ എത്തുന്നത്. ഷാജി കൈലാസിന്റെ വിഷമം കണ്ട പ്രിയൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ, നീ ധൈര്യമായി പൊക്കോ. നാട്ടിൽ നീയിപ്പോൾ വേണ്ട സമയമാണ്. ഷൂട്ടിങ്ങിന്റെ കാര്യം എനിക്കു വിട്ടേക്കൂ, ഞാൻ ചെയ്‌തോളാം. അങ്ങനെയാണ് അതിമനോഹരമായ രീതിയിൽ ആ ഗാനം വെള്ളിത്തിരയിൽ എത്തിയത്. അതിൽ അതിശയിപ്പിക്കുന്ന രീതിയിൽ അഭിനയിച്ച മോഹൻലാൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയും നേടിയെടുത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close