കഥ കേട്ടപ്പോൾ സംവിധായകരെല്ലാം പിന്മാറി, പേരുകേട്ടപ്പോൾ തന്നെ ആ ചിത്രം തിരഞ്ഞെടുത്ത മോഹൻലാൽ സമ്മാനിച്ചത് സർവകാല ഹിറ്റ്

Advertisement

2000 ആണ്ടിൽ മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയമായ നരസിംഹം സമ്മാനിച്ച മോഹൻലാൽ തൊട്ടടുത്ത വർഷം തന്നെ കാക്കക്കുയിൽ, രാവണ പ്രഭു എന്നീ വമ്പൻ വിജയങ്ങളും സമ്മാനിച്ചുവെങ്കിലും പിന്നീട് വന്ന 2002 എന്ന വർഷം അദ്ദേഹത്തിന് ഒരു നല്ല വർഷമായിരുന്നില്ല. ശരാശരി വിജയം നേടിയ മിസ്റ്റർ ബ്രഹ്മചാരി മാത്രം ആശ്വാസമായി നിന്നെങ്കിലും, ഒന്നാമൻ, താണ്ഡവം, ചതുരംഗം, കിളിച്ചുണ്ടൻ മാമ്പഴം എന്നിവയെല്ലാം തകർന്നു വീണപ്പോൾ മോഹൻലാലിൻറെ സുവർണ്ണ കാലഘട്ടം തീരുകയാണോ എന്ന് വരെ സംശയിച്ചവരേറെ. എന്നാൽ അതിൽ നിന്ന് അദ്ദേഹം തിരിച്ചു വന്നത് 2003 ഇലെ ഒരോണക്കാലത്തു ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം മലയാള സിനിമയ്ക്കു നൽകിക്കൊണ്ടാണ്. കേരളത്തിലെ റിലീസിംഗ് കേന്ദ്രങ്ങളിൽ നൂറിലധികം ദിവസങ്ങളിൽ തകർത്തോടിയ ബാലേട്ടൻ എന്ന ചിത്രമായിരുന്നു അത്. വി എം വിനു സംവിധാനം ചെയ്ത ആ ചിത്രം രചിച്ചത് പ്രശസ്ത തിരക്കഥാകൃത്തായ ടി എ റസാഖിന്റെ അനുജൻ ടി എ ഷാഹിദാണ്. എന്നാൽ ആദ്യം ടി എ ഷാഹിദ് ബാലേട്ടന്റെ കഥ പറഞ്ഞ സംവിധായകരെല്ലാം ആ ചിത്രം വിജയിക്കില്ല എന്ന് പറഞ്ഞു അതൊഴിവാക്കുകയാണ് ചെയ്തത്.

എന്നാൽ വി എം വിനുവിന് ആ കഥയിൽ താൽപ്പര്യം തോന്നുകയും അവർ ആ കഥ മിസ്റ്റർ ബ്രഹ്മചാരിയുടെ സെറ്റിൽ പോയി മോഹൻലാലിനോട് പറയുകയും ചെയ്തു. ചിത്രത്തിന്റെ പേര് കേട്ടപ്പോൾ തന്നെ ആ ചിത്രം ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് മോഹൻലാൽ വി എം വിനുവിന് കൈ കൊടുത്തിരുന്നു. മീശ പിരിക്കുന്ന ആസുര ഭാവത്തിലുള്ള വേഷങ്ങളിൽ രണ്ടു വർഷത്തോളം തളക്കപ്പെട്ടു പോയ മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തെ ഒരിക്കൽ കൂടി മലയാളി കുടുംബങ്ങളിലേക്ക് മടക്കി കൊണ്ട് വന്ന ചിത്രമായിരുന്നു ബാലേട്ടൻ. എം ജയചന്ദ്രൻ ഈണം നൽകിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായി എന്ന് മാത്രമല്ല മോഹൻലാൽ എന്ന താരത്തിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വരാത്ത രീതിയിൽ അദ്ദേഹത്തിന്റെ താരസിംഹാസനം ആ ചിത്രത്തിന്റെ വിജയം ഭദ്രമാക്കി കൊടുത്തു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close