ദി ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികൾക്കും മിഖായേലിനും ശേഷം ഹനീഫ് അദനി വീണ്ടുമെത്തുന്നു; ദേവ് ഫക്കീർ

Advertisement

പ്രശസ്ത സംവിധായകനും രചയിതാവുമായ ഹനീഫ് അദനി ഇനി നിർമ്മാതാവ് കൂടിയാവുകയാണ്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രം രചിച്ചു സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച ഹനീഫ് പിന്നീട് ചെയ്തത് മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമാണ്. ആ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അദ്ദേഹമാണ്. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയമാണ് ബോക്സ് ഓഫീസിൽ നേടിയെടുത്തത്. അതിനു ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് മിഖായേൽ. എന്നാൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോഴിതാ ഒരു രചയിതാവെന്ന നിലയിൽ തന്റെ നാലാമത്തെ ചിത്രവുമായി എത്തുകയാണ് ഹനീഫ് അദനി. ദേവ് ഫക്കീർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് ആന്റണി വർഗീസ് ആണ്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആന്റണി വർഗീസ് അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം എന്നിവയാണ്. ദേവ് ഫക്കീർ എന്ന ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചു കൊണ്ട് നിർമ്മാതാവായും അരങ്ങേറ്റം കുറിക്കുകയാണ് ഹനീഫ് അദനി.

നവാഗത സംവിധായകനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹനീഫ് അദനിയുടെ പ്രൊഡക്ഷൻ പങ്കാളി ആയി ബാദുഷയുമുണ്ട്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ് ബാദുഷ. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ഏതായാലും ഹനീഫ് അദനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി വരുന്ന ഈ ചിത്രവും മുൻ ഹനീഫ് അദനി ചിത്രങ്ങളെ പോലെ തന്നെ ആക്ഷനും സസ്‌പെൻസും ആവേശവുമെല്ലാം നിറഞ്ഞ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന അമീർ എന്നൊരു ചിത്രം ഹനീഫ് അദനി രചിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close