ആട് ജീവിതം, ആവേശം, വർഷങ്ങൾക്ക് ശേഷം; ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഫൈനൽ കളക്ഷൻ റിപ്പോർട്ട് അറിയാം

Advertisement

മലയാളത്തിൽ ഈ വർഷം റിലീസ് ചെയ്ത മൂന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ഫൈനൽ കളക്ഷൻ റിപ്പോർട്ട് പുറത്ത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ബ്ലെസി ചിത്രം ആട് ജീവിതം, ഫഹദ് ഫാസിൽ നായകനായ ജിത്തു മാധവൻ ചിത്രം ആവേശം, പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീം പ്രധാന വേഷങ്ങൾ ചെയ്ത വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്നിവയുടെ ഫൈനൽ ആഗോള കളക്ഷൻ വിവരങ്ങളാണ് പുറത്ത് വന്നത്. മലയാളത്തിലെ പ്രധാന ട്രാക്കിങ് ഫോറമായ ഫോറം റീൽസ്, ട്രാക്കിങ് പ്ലാറ്റ്‌ഫോമായ വാട്ട് ദ ഫസ്, ട്രാക്കറായ ജസീൽ മുഹമ്മദ് എന്നിവരാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

Advertisement

പൃഥ്വിരാജ് ചിത്രമായ ആട് ജീവിതം ആഗോള തലത്തിൽ നേടിയ ഗ്രോസ് കളക്ഷൻ 158 കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്ന് 79 കോടി ഗ്രോസ് നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 20 കോടിയോളം ഗ്രോസ് നേടി. വിദേശത്ത് നിന്നും ആട് ജീവിതം നേടിയത് 59 കോടിയോളമാണ്. 89 കോടി കേരളത്തിൽ നിന്ന് നേടിയ 2018 , 85 കോടി കേരളത്തിൽ നിന്നും നേടിയ പുലി മുരുകൻ എന്നിവക്ക് ശേഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന മൂന്നാമത്തെ ചിത്രമായും ആട് ജീവിതം മാറി.

ഫഹദ് ഫാസിൽ നായകനായ ആവേശം ആഗോള ഗ്രോസ് ആയി നേടിയത് 156 കോടിയാണ്. കേരളത്തിൽ നിന്നും 76 കോടി ഗ്രോസ് നേടിയ ആവേശം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 25 കോടിയും വിദേശത്ത് നിന്ന് നേടിയത് 55 കോടിയോളവുമാണ്. പുലി മുരുകൻ, ലൂസിഫർ, 2018 , പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആട് ജീവിതം എന്നിവക്ക് ശേഷം 100 കോടി ആഗോള ഗ്രോസ് നേടിയ ഏഴാമത്തെ മാത്രം മലയാള ചിത്രം കൂടിയാണ് ആവേശം.

പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീം നായകന്മാരായി എത്തിയ വർഷങ്ങൾക്ക് ശേഷം നേടിയ ആഗോള ഗ്രോസ് 83 കോടിക്ക് മുകളിലാണ്. കേരളത്തിൽ നിന്നും 39 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം വിദേശത്ത് നിന്ന് നേടിയത് 37 കോടിയോളവും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഗ്രോസ് ചെയ്തത് 8 കോടിയോളവുമാണ്. വിനീത് ശ്രീനിവാസൻ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയാണ് വർഷങ്ങൾക്ക് ശേഷം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close