മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായിരുന്ന തമ്പി കണ്ണന്താനം അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു കാരണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുറച്ചധികം വർഷങ്ങളായി അദ്ദേഹം സിനിമയിൽ സജീവമായിരുന്നില്ല. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ സൂപ്പർ താരമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച രാജാവിന്റെ മകൻ എന്ന വമ്പൻ ഹിറ്റ് ചിത്രമാണ് തമ്പി കണ്ണന്താനത്തിനെ മലയാള സിനിമയിൽ ഏറ്റവും പ്രശസ്തനാക്കിയ ചിത്രം. മോഹൻലാലിനെ നായകനാക്കി ഏഴു ചിത്രങ്ങൾ ചെയ്ത അദ്ദേഹം അതിൽ ആറെണ്ണവും സൂപ്പർ വിജയങ്ങൾ ആക്കി മാറ്റി. രാജാവിന്റെ മകൻ, വഴിയോര കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം എന്നിവയായിരുന്നു ആ ആറു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. ഇതിൽ നാലെണ്ണത്തിന്റെ നിർമ്മാതാവും അദ്ദേഹമായിരുന്നു.
1983 ഇൽ റിലീസ് ചെയ്ത താവളം എന്ന ചിത്രത്തിലൂടെയാണ് തമ്പി കണ്ണന്താനം സംവിധായകനായി അരങ്ങേറിയത്. നായകൻ ആയിരുന്നില്ലെങ്കിലും ഈ ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. തമ്പി കണ്ണന്താനം സംവിധാനം ചെയ്തത് പതിനാറു ചിത്രങ്ങൾ ആയിരുന്നു എങ്കിൽ അതിൽ എട്ടെണ്ണത്തിലും മോഹൻലാൽ ഉണ്ടായിരുന്നു. 2004 ഇൽ യുവതാരങ്ങളെ വെച്ചൊരുക്കിയ ഫ്രീഡം എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന സംവിധാന സംരഭം. അദ്ദേഹവും മോഹൻലാലും ഒന്നിച്ചതിൽ വിജയമാവാതെ പോയ ഒരേ ഒരു ചിത്രം 2001 ഇൽ റിലീസ് ചെയ്ത ഒന്നാമൻ മാത്രമാണ്. തമ്പി കണ്ണന്താനം ചിത്രങ്ങളിലെ മാസ്സ് കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ ആണ്. വിൻസെന്റ് ഗോമസും, രാഘവൻ എന്ന ആന്റണി ഐസക്കും, മഹേന്ദ്ര വർമ്മ തമ്പുരാനും, കണ്ണൻ നായരും, സച്ചിയും, മേജർ സ്റ്റീഫൻ റൊണാൾഡും ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നു.