വിജയ്- വിജയ് സേതുപതി എന്നീ സൂപ്പർതാരങ്ങൾ ആദ്യമായി ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ കൊറോണ വൈറസ് തീർത്ത വലിയ പ്രതിസന്ധികൾ മറികടന്ന് കൊണ്ടാണ് റിലീസ് ചെയ്തത്. ജനുവരി രണ്ടാം വാരം റിലീസ് ചെയ്ത ചിത്രം കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് റിലീസ് ചെയ്തെങ്കിലും ചിത്രം ഗംഭീര വിജയം ആവുകയായിരുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമ മേഖലയെ വീണ്ടും ഊർജ്ജസ്വലം ആക്കുന്നതിൽ മാസ്റ്റർ വലിയ പങ്കുവഹിച്ചു. റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ് ചിത്രം ആമസോൺ പ്രൈമിൽ എത്തിയെങ്കിലും തിയേറ്ററുകളിൽ ചിത്രം ഗംഭീര വിജയമായി മാറിക്കൊണ്ടിരുന്നു. 51 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം മാസ്റ്റർ വാങ്ങിയത്. ഇതിനോടകം നൂറുകോടി 200 കോടി ക്ലബ്ബുകളിൽ ഇടം നേടിയ മാസ്റ്റർ ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ചിത്രത്തിലെ വിദേശ റിലീസുകൾ പരിമിതപ്പെടുത്തിയതും തിയേറ്ററുകളിൽ 50% ഒക്യുപെൻസി ക്യാപ്പും ഏർപ്പെടുത്തിയതും മാസ്റ്ററിന്റെ വിജയ സാധ്യതയെക്കുറിച്ച് ആശങ്ക ഉളവാക്കിയിരുന്നുവെങ്കിലും ഇപ്പോഴിതാ കളക്ഷൻ റെക്കോർഡുകൾ തീർത്തുകൊണ്ട് മാസ്റ്റർ പുതിയ ചരിത്രം കുറിക്കുകയാണ്. 2017- ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 തമിഴ്നാടിൽ നേടിയ കളക്ഷൻ റെക്കോർഡ് വിജയുടെ മാസ്റ്റർ ഇപ്പോൾ തിരുത്തി കുറിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ തിയേറ്റർ ഷെയർ നേടിയ ചിത്രമായി മാസ്റ്റർ മാറിയിരിക്കുകയാണ്. 80 കോടിയിലധികം ഷെയർ നേടിയ ബാഹുബലിയുടെ റെക്കോർഡ് ആണ് മാസ്റ്റർ മറികടന്നിരിക്കുന്നത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് റിലീസ് ചെയ്ത ചിത്രം ഇത്രയും വലിയ കളക്ഷൻ റെക്കോർഡ് നേടിയത് വിജയുടെ താരമൂല്യം ഒന്നുകൊണ്ട് മാത്രമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഷെയർ നേടിയ ചിത്രമായി മാസ്റ്റർ മാറിയപ്പോൾ തൊട്ടുപിന്നാലെ തന്നെ വിജയുടെ ബിഗിൽ, സർക്കാർ എന്നീ ചിത്രങ്ങളുമുണ്ട്.