24 മണിക്കൂർ കൊണ്ട് പതിനായിരത്തിലധികം ടിക്കറ്റുകൾ; ബ്രിട്ടനിൽ ചരിത്രം കുറിക്കുന്ന തുടക്കവുമായി ദളപതിയുടെ ലിയോ.

Advertisement

ദളപതി വിജയ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ലിയോ റിലീസിന് ഒരുങ്ങുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം ഒക്ടോബർ പത്തൊൻപതിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. എന്നാൽ റിലീസിന് ഒന്നര മാസം മുൻപ് തന്നെ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ലോകത്തിന്റെ പല ഭാഗത്തായി ആരംഭിച്ചു കഴിഞ്ഞു. അതിൽ തന്നെ യുകെയിൽ റിലീസിന് ആറാഴ്ച മുൻപേ ബുക്കിംഗ് ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രം കൂടിയാണ് ലിയോ. കഴിഞ്ഞ ദിവസം യുകെയിൽ ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് അത്യപൂർവമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. റിലീസ് ആവുമ്പോഴേക്കും ഇന്ത്യൻ സിനിമയിലെ തന്നെ പല അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകളും ലിയോ തകർക്കുമെന്നാണ് സൂചന.

കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ ഇപ്പോൾ തന്നെ ഈ ചിത്രത്തിന്റെ ഫാൻസ്‌ ഷോ ടിക്കറ്റുകൾ വിറ്റു തീർന്നു കൊണ്ടിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, അനുരാഗ് കശ്യപ്, മിഷ്കിൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോക്ക് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജുമാണ്. വിക്രം, കൈതി എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ലിയോയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ്- വിജയ് ടീം ഒന്നിച്ച ലിയോയുടെ ഏറിയ പങ്കും കാശ്മീരിലാണ് ചിത്രീകരിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close