
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് നടൻ ആണ് ദളപതി വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസ് എന്ന് പറഞ്ഞാൽ കേരളത്തിലെ യുവാക്കൾക്ക് ഉത്സവമാണ് അന്ന്. ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത വിജയ്‌യുടെ പുതിയ ചിത്രമായ സർക്കാറിനെയും വമ്പൻ ആഘോഷങ്ങളോടെയാണ് വിജയ് ആരാധകർ സ്വീകരിച്ചത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ മാസ്സ് പൊളിറ്റിക്കൽ എന്റെർറ്റൈനെർ വെളുപ്പിന് അഞ്ചു മണി മുതൽ തന്നെ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് സർക്കാർ നേടിയെടുക്കുന്നത് . ഒരു വിജയ് ചിത്രം കൂടി കേരളത്തിൽ തരംഗമാകുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
പക്കാ മാസ്സ് ആയി ഒരുക്കിയ ഈ ചിത്രം വളരെ പ്രസക്തിയുള്ള ഒരു വിഷയം കൂടി നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ ഹൃദയം കൊണ്ട് തന്നെയാണ് സ്വീകരിക്കുന്നത്. വിജയ്‌യുടെ കിടിലൻ ഡയലോഗുകളും നൃത്തവും അതുപോലെ തന്നെ വമ്പൻ സംഘട്ട രംഗങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് കയ്യടിച്ചു കൊണ്ട് കാണാവുന്ന ഒരു ഗംഭീര ചലച്ചിത്രാനുഭവമാണ് സർക്കാർ. സ്പൈഡർ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സർക്കാരിലൂടെ വമ്പൻ തിരിച്ചു വരവ് തന്നെയാണ് എ ആർ മുരുഗദോസ് നടത്തിയിരിക്കുന്നത് എന്ന് പറയാം. നായികമാരായ കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ അതുപോലെ നെഗറ്റീവ് വേഷത്തിൽ എത്തിയ രാധാ രവി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്നു. എ ആർ റഹ്മാന്റെ സംഗീതവും സർക്കാറിനെ വേറെ ലെവലിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകാഭിപ്രായം.