തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്.
പുഷ്പ 2 ആഗോള റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടത്തിയത്. അങ്ങനെ ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടത്. ഷോ തുടങ്ങുന്നതിന് മുന്‍പ് അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയതോടെയാണ് വലിയ തിക്കും തിരക്കും ഉണ്ടായത്.
ഭര്‍ത്താവ് ഭാസ്കറിനും മകന്‍ ശ്രീ തേജിനും മകള്‍ സാന്‍വിക്കും ഒപ്പമാണ് മരണപ്പെട്ട യുവതി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. സാന്‍വി കരഞ്ഞതിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയപ്പോഴാണ് പ്രീമിയര്‍ കാണാനായി അല്ലു അര്‍ജുന്‍ തിയറ്ററിൽ എത്തിയത്. അതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം അതിരുവിടുകയും ദുരന്തം സംഭവിക്കുകയും ചെയ്തു.
തിരക്കിൻ്റെ സാഹചര്യം കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്ന അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. മകനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. മകനും ഗുരുതരമായ പരിക്കാണ് ഉണ്ടായത്. അതിന് ശേഷം രേവതിയുടെ മരണത്തിൽ അനുശോചിച്ചും അവരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ മുന്നോട്ട് വന്നിരുന്നു.