മക്കൾ സെൽവൻ വിജയ് സേതുപതിയെ വാനോളം പുകഴ്ത്തി മെഗാസ്റ്റാർ ചിരഞ്ജീവി. മാസ്റ്റർ എന്ന ചിത്രത്തിലെ അത്യുജ്ജ്വല പ്രകടനമാണ് വിജയ് സേതുപതിയെക്കുറിച്ച് വാചാലനാവാൻ ചിരഞ്ജീവിക്ക് പ്രചോദനമായത്. വിജയസേതുപതി പ്രധാന വില്ലനായി എത്തുന്ന തെലുങ്കു ചിത്രമായ ഉപ്പെനയുടെ പ്രീ-റിലീസിനോട് അനുബന്ധിച്ച് നടന്ന പൊതുചടങ്ങിലാണ് ചിരഞ്ജീവി തുറന്നു സംസാരിച്ചത്. വിജയ് സേതുപതി വളരെ വലിയൊരു നടൻ ആണെന്നും അദ്ദേഹം എന്റെ നല്ലൊരു സുഹൃത്ത് ആണെന്നും നായകനിൽ ഉപരിയായി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തേടിയാണ് അദ്ദേഹം പോകുന്നതെന്നും ചിരഞ്ജീവി പറയുന്നു. മാസ്റ്റർ എന്ന ചിത്രത്തിൽ നായകനെക്കാൾ കൂടുതൽ വിജയ് സേതുപതിയുടെ ഭവാനി എന്ന കഥാപാത്രമാണ് തന്റെ മനംകവർന്നതെന്നും ചിരഞ്ജീവി വേദിയിൽ നിന്നും ആയിരങ്ങളെ സാക്ഷിയാക്കി പറഞ്ഞു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഈ തുറന്നു പറച്ചിൽ വിജയസേതുപതി ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മാസ്റ്റർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയുടെ താരമൂല്യത്തിൽ വലിയ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ ഭാഷകളിൽ നിന്നും വിജയ് സേതുപതിയുടെ പ്രകടനത്തെക്കുറിച്ചാണ് പ്രത്യേക പരാമർശം കേൾക്കുന്നത്. ഭവാനി എന്ന് അതിശക്തനായ വില്ലൻ കഥാപാത്രം വിജയ് സേതുപതിയുടെ കയ്യിൽ എത്തിയപ്പോൾ സുരക്ഷിതം ആവുകയായിരുന്നു. മാസ്റ്റർ എന്ന ചിത്രത്തിന്റെ ഈ വലിയ വിജയത്തിനു പിന്നിലും വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.