കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ തീയേറ്റർ വ്യവസായത്തെ ബാധിച്ചിട്ടു ഇപ്പോൾ ഏകദേശം ഒന്നര വർഷം കഴിയുന്നു. അതിനിടയിൽ തീയേറ്റർ റിലീസ് ആയി എത്തിയത് തന്നെ വളരെ ചുരുക്കം ചിത്രങ്ങളാണ്. അതിൽ തന്നെ വിജയ് ചിത്രമായ മാസ്റ്റർ പോലത്തെ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ മറ്റു ചിത്രങ്ങൾക്കൊന്നും വലിയ രീതിയിൽ ചലനം സൃഷ്‌ടിക്കാനോ പ്രേക്ഷകരെ തീയേറ്ററുകളിലേക്കു കൊണ്ട് വരാനോ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ, തെലുങ്കു സിനിമാ വ്യവസായം ഇന്ത്യയിലെ ഏറ്റവും വേഗം ഉണർന്നെഴുന്നേറ്റ സിനിമാ വ്യവസായമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സീട്ടിമാര്‍ എന്ന സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് തെലുങ്കു ബോക്സ് ഓഫീസില്‍ നേടിക്കൊണ്ടിരിക്കുന്നതു. വിനായക ചതുര്‍ഥി ദിനത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യദിനത്തില്‍ ചിത്രം 3.5 കോടി ഷെയര്‍ ആണ് നേടിയത്.
കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്‍ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയിലെ റിലീസ്‍ദിന കളക്ഷനില്‍ ബോളിവുഡ്, ഹോളിവുഡ് സിനിമകളെപ്പോലും മറികടന്നാണ് ഈ ചിത്രം കുതിക്കുന്നത്. അക്ഷയ് കുമാര്‍ നായകനായ ബെല്‍ബോട്ടമാണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ റിലീസ് ചെയ്ത വലിയ ചിത്രം. പക്ഷെ മികച്ച അഭിപ്രായം ലഭിച്ചിട്ട് പോലും ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. ഈ ചിത്രം നേടിയ ആദ്യദിന കളക്ഷന്‍ 2.75 കോടിയാണ്. മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രമായ ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദ് ടെന്‍ റിംഗ്‍സ് ഇന്ത്യയിലെ റിലീസ് ദിന കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു എങ്കിലും, ആദ്യ ദിനം നേടിയത് 3.25 കോടിയാണ്. സീട്ടിമാർ എന്ന ഗോപിചന്ദിന്റെ തെലുങ്കു ചിത്രത്തിൽ ദിഗംഗന സൂര്യവന്‍ശി, ഭൂമിക ചൗള, റഹ്മാന്‍, തരുണ്‍ അറോറ, റാവു രമേശ്, പൊസാനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, പ്രീതി അസ്രാനി എന്നിവരും അഭിനയിച്ചിട്ടുണ്ട്.