ഇന്നലെയാണ് സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ തീയേറ്ററുകളിലെത്തിയത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഫാന്റസിയും, ടൈം ട്രാവലും, ഹാസ്യവും, വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കി ഒരു കോർട്ട് റൂം ഡ്രാമയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണൻ. തന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ച കുറിപ്പിലാണ് അദ്ദേഹം ഈ ചിത്രത്തെ അഭിനന്ദിച്ചത്.
ടി ഡി രാമകൃഷ്ണൻ കുറിച്ച വാക്കുകൾ ഇങ്ങനെ, “മഹാവീര്യര്‍ കണ്ടു. മുകുന്ദേട്ടന്റെ കഥയായതുകൊണ്ടാണ് റിലീസ് ദിവസം തന്നെ തിയേറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളില്‍ രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂ. രണ്ടുകാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കണ്‍വിന്‍സിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ധിഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. അഭിനന്ദനങ്ങള്‍ എബ്രിഡ് ഷൈന്‍, എം. മുകുന്ദന്‍, നിവിന്‍ പോളി..”. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, ഷാൻവി ശ്രീവാസ്തവ എന്നിവരുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്.