സൗദി വെള്ളക്ക കണ്ട് കയ്യടിച്ച് സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ; സന്തോഷം പങ്ക് വെച്ച് തരുൺ മൂർത്തി

Advertisement

കഴിഞ്ഞ വർഷം ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കി കയ്യടി നേടിയ തരുൺ മൂർത്തി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുഖ്മാൻ അവറാൻ, ബിനു പപ്പു, സുജിത് ശങ്കർ, ദേവി വർമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും ഈ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ കൂടി കൂടി വരികയാണ്. ഇപ്പോഴിതാ ഈ ചിത്രം കണ്ട് അഭിനന്ദനം അറിയിച്ചത് സൂപ്പർ ഹിറ്റ് തമിഴ് സംവിധായകനായ എ ആർ മുരുഗദോസ് ആണ്. ചെന്നൈയിൽ വെച്ചാണ് അദ്ദേഹം സൗദി വെള്ളക്ക കണ്ടത്.

സംവിധായകൻ തരുൺ മൂർത്തിയും നിർമ്മാതാവ് സന്ദീപ് സേനനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എ ആർ മുരുഗദോസിനോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് തരുൺ മൂർത്തി കുറിച്ച വാക്കുകൾ ഇങ്ങനെ, “എന്തൊരു ദിവസമാണിന്ന്… എ ആർ മുരുഗദോസ് സർ, ഒരുപാട് സ്നേഹം. ദീന,ഗജനി, തുപ്പാക്കി, ഏഴാം അറിവ് ഒരുക്കിയ എ ആർ മുരുഗദോസ് സാർ ഞങ്ങളുടെ സൗദി വെള്ളക്ക കണ്ട് കൈ അടിച്ചു, കെട്ടി പിടിച്ചു..”. മനസ്സിനെ തൊടുന്ന വ്യത്യസ്‍തമായ ഒരു കഥയെ ഏറ്റവും റിയലിസ്റ്റിക് ആയി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച സൗദി വെള്ളക്ക ഒരിക്കലും നഷ്ട്ടപ്പെടുത്തരുതാത്ത സിനിമാനുഭവം ആണെന്നാണ് ഈ ചിത്രം കണ്ട ഓരോരുത്തരും പറയുന്നത്. വളരെ പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ അടുത്തകാലത്ത് വന്നിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഏവരും ഒരേ സ്വരത്തിൽ വിലയിരുത്തുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close