ഈ കൊറോണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്ന രണ്ടു വിഭാഗങ്ങളാണ് നമ്മുടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരും പിന്നെ പോലീസുകാരും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും അതുപോലെ സമൂഹത്തിൽ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിന് വേണ്ടിയും സമയ ക്രമം പോലുമില്ലാതെ ഊണും ഉറക്കവും പോലും ശ്രദ്ധിക്കാതെ ഇവർ ജോലി ചെയ്യുകയാണ്. ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ പോലീസുകാരുടെ ജോലി ഭാരം ഒരു തരത്തിൽ കൂടി എന്നു തന്നെ പറയാം. ഇപ്പോഴിതാ ഈ അവസരത്തിൽ യഥാർത്ഥ ജീവിതത്തിൽ ഹീറോകളായ പോലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയിരിക്കുന്നത് വെള്ളിത്തിരയിൽ നമ്മളെ ഏറെ ചിരിപ്പിച്ച ഒരു ഹാസ്യ താരം. പ്രശസ്ത തമിഴ് നടൻ സൂരിയാണ് യഥാർത്ഥ ജീവിതത്തിലെ ഈ ഹീറോകൾക്ക് മുന്നിലെത്തിയത്.
ചെന്നൈ ഡി വണ് ട്രിപ്ലിക്കെന് പോലീസ് സ്റ്റേഷനിൽ എത്തിയ സൂരി അവിടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ഒപ്പം അവരുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. മാസ്‌ക് അണിഞ്ഞുകൊണ്ട്, കയ്യിൽ ഗ്ലൗസുമിട്ടു സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുമായി സംവദിച്ചത്. ഈ സമയത്തു അവർ സമൂഹത്തിനു നൽകുന്ന സേവനം ഏറ്റവും മഹത്തരമായ ഒന്നാണെന്നും അവരാണ് നമ്മുടെ യഥാർത്ഥ നായകന്മാരെന്നും സൂരി പറയുന്നു. ഒട്ടേറെ തമിഴ് ചിത്രങ്ങളിലെ ഹാസ്യ വേഷങ്ങൾ കൊണ്ട് നമ്മളെ ചിരിപ്പിച്ച സൂരി ഇന്ന് തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണ്. ശിവ കാർത്തികേയനുമായുള്ള സൂരിയുടെ കോമ്പിനേഷൻ തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് നായക- ഹാസ്യ താര ജോഡികളിലൊന്നാണ്.
.@sooriofficial obtains autographs from real heroes – cops at Chennai's D1 Triplicane Police Station, to thank them for their grt service to ppl during this #CoronaPandemic#Soori @teamaimpr pic.twitter.com/QWt5WDSlpS
— Kaushik LM (@LMKMovieManiac) May 12, 2020