കാവാലയ്യക്ക് ശേഷം വീണ്ടും ത്രസിപ്പിക്കാൻ തമന്നയുടെ നൃത്തം; ദിലീപിന്റെ ബാന്ദ്ര ഒക്ടോബറിൽ

Advertisement

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ട്രെൻഡ് സെറ്ററായ ഗാനമായിരുന്നു തമന്ന ഭാട്ടിയ ചുവട് വെച്ച കാവാലയ്യ. ആഗോള തലത്തിൽ ട്രെൻഡിങ്ങായി മാറിയ ഈ ഗാനത്തിലെ തമന്നയുടെ നൃത്തം വലിയ കയ്യടിയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ജയിലറിന് ശേഷം ഒരിക്കൽ കൂടി പ്രേക്ഷകരെ തന്റെ നൃത്തത്തിലൂടെ ത്രസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തമന്ന. ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയിലാണ് തമന്ന ഒരു ഗ്ലാമറസ് നൃത്തവുമായി എത്തുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന തമന്നയുടെ നൃത്തമുൾപ്പെടുന്ന ഒരു ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിലാണ് കൊച്ചിയിൽ നടന്നത്. അതിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള തമന്നയുടെ ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. വിക്രം വേദ, ഒടിയൻ, ആർഡിഎക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സാം സി എസ് ആണ് ബാന്ദ്രക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദിലീപ്- അരുൺ ഗോപി ടീം ഒന്നിച്ച ബാന്ദ്ര ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഉദയ കൃഷ്ണ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ അധോലോക നായകനായാണ് ദിലീപ് അഭിനയിക്കുന്നത്. 1990 കളിൽ ബോളിവുഡിൽ നടന്ന, ദിവ്യ ഭാരതി എന്ന സൂപ്പർ നായികാതാരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കഥയാണ് ബാന്ദ്ര പറയുന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും, അതിനിതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിച്ചിരിക്കുന്ന ബാന്ദ്രക്ക് കാമറ ചലിപ്പിച്ചത് ഷാജി കുമാർ, എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ എന്നിവരാണ്. തമിഴ് സൂപ്പർ താരം ശരത് കുമാർ, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ്‌ ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ് എന്നിവരും ഇതിന്റെ താരനിരയിലുണ്ടെന്നാണ് സൂചന.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close