എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ.

Advertisement

മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി, സൂപ്പർ ഹിറ്റ് സംവിധായകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് “വർഷങ്ങൾക്ക് ശേഷം”. കഴിഞ്ഞ വർഷം റിലീസ് ചെയ്ത “ഹൃദയം” എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ അവസാന വാരം മുതൽ കൊച്ചിയിൽ ആരംഭിക്കും. അതിന് വേണ്ടിയുള്ള സെറ്റ് നിർമ്മാണ ജോലികൾ അവിടെ ആരംഭിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, 1980 കളിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നും, ആ കാലഘട്ടത്തിലെ ചെന്നൈ, കോടമ്പാക്കം എന്നീ സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു സെറ്റാണ് കൊച്ചിക്കടുത്ത് അരൂരിൽ ഒരുങ്ങുന്നതെന്നുമാണ്. മോഹൻലാൽ- ശ്രീനിവാസൻ ജോഡിയുടെ 1980 കാലഘട്ടത്തിലെ ചെന്നൈ ജീവിതം പശ്‌ചാത്തലമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നുവെങ്കിലും, വിനീത് ശ്രീനിവാസൻ അത് നിഷേധിച്ചിരുന്നു.

പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കല്യാണി പ്രിയദർശനാണ്. യുവ താരം നിവിൻ പോളി ഇതിൽ വളരെ നിർണ്ണായകമായ ഒരതിഥി വേഷവും ചെയ്യുന്നുണ്ട്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കാൻ പോകുന്നത് അമൃത് രാംനാഥ് ആണ്. വിനീത് ശ്രീനിവാസൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അടുത്ത വിഷുവിന് “വർഷങ്ങൾക്ക് ശേഷം” പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close