വിജയ് ബാബു വിവാദം; അമ്മയിൽ വീണ്ടും കൂട്ടരാജി…

Advertisement

നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിൽ ശരിയായ തീരുമാനമെടുത്തില്ല എന്ന കാരണത്താൽ താരസംഘടനയായ അമ്മയിൽ കൂട്ട രാജി. കഴിഞ്ഞ ദിവസം ഈ കാരണം കൊണ്ട് അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് നടി മാലാ പാർവതി രാജി വെച്ചിരുന്നു. ഇപ്പോഴിതാ നടിമാരായ ശ്വേത മേനോൻ, കുക്കു പരമേശ്വരൻ എന്നിവരും തങ്ങളുടെ സ്ഥാനങ്ങൾ രാജി വെച്ചിരിക്കുകയാണ്. സംഘനടയുടെ പരാതി പരിഹാര സെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ശ്വേത മേനോന്‍ രാജി വെച്ചതെങ്കിൽ, ഐ.സി.സി അംഗമെന്ന സ്ഥാനമാണ് കുക്കു പരമേശ്വരൻ രാജി വെച്ചത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്സണായ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

പക്ഷെ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം തീരുമാനമെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെയിരുന്ന കമ്മിറ്റി, വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് എത്തിച്ചേർന്നത്. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ തന്നെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു മെയിൽ അയച്ചിരുന്നു. വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതില്‍ നടപടി വേണമെന്ന് അമ്മയിലെ പരാതി പരിഹാര സെൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നാണ് രാജി വെച്ചവർ പറയുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്ന വാർത്താക്കുറിപ്പ് ഇറക്കുമ്പോൾ, സമൂഹത്തിലേക്ക് പോകുന്ന മെസ്സേജ് നല്ലതല്ലായെന്നും, അതുപോലെ അമ്മ പറഞ്ഞിട്ടു മാറി നിൽക്കുന്നുവെന്നോ തൽസ്ഥാനത്തു നിന്നൊഴിവാക്കിയെന്നോ പറയുമ്പോഴാണ് അത് അച്ചടക്ക നടപടിയാവുന്നതെന്നും അവർ സൂചിപ്പിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close