തമിഴകത്തെ ഏറ്റവും വലിയ താരമാണിന്നു ദളപതി വിജയ്. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് ദളപതി വിജയ് അഭിനയിച്ച ചിത്രങ്ങൾ. വിജയ് ചിത്രങ്ങളിലെ സംഘട്ടനങ്ങൾക്കും പാട്ടുകൾക്കും വിജയ്‌യുടെ നൃത്തത്തിനും പഞ്ച് ഡയലോഗിനുമൊക്കെ ആരാധകർ ഏറെ. കേരളത്തിലും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് നടനാണ് വിജയ്. ഒട്ടേറെ മലയാളം സിനിമകളുടെ തമിഴ് റീമേക്കിലും അതുപോലെ മലയാളി സംവിധായകരുടേയും നിർമ്മാതാക്കളുടെയും ചിത്രത്തിലും വിജയ് അഭിനയിച്ചിട്ടുണ്ട്. അതിലൊരു ചിത്രമായിരുന്നു മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമിച്ച അഴകിയ തമിഴ് മകൻ എന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടി എ ആർ റഹ്മാൻ ഈണം നൽകിയ ഒരു ഗാനമാണ് തന്റെ കരിയറിൽ, താൻ അഭിനയിച്ച ചിത്രങ്ങളിലെ തനിക്കു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഗാനമെന്നാണ് വിജയ് പറയുന്നത്.
വിജയ്‌യുടെ ഈ ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുന്നത് ആ ചിത്രം നിർമ്മിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ തന്നെയാണ്. ഭരതൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2007 ലാണ് റിലീസ് ചെയ്യുന്നത്. അന്ന് വിജയ്‌യുടെ ആഗ്രഹപ്രകാരമാണ് താൻ ഈ ചിത്രത്തിന് വേണ്ടി എ ആർ റഹ്മാനെ കാണാൻ പോയതും അദ്ദേഹം ഈ ചിത്രം ചെയ്യാൻ സമ്മതിച്ചതെന്നും അപ്പച്ചൻ ഓർത്തെടുക്കുന്നു. ഇതിലെ തന്റെ ഇൻട്രോ ഗാനമായ എല്ലാ പുകഴും എന്ന ഗാനമാണ് തനിക്കു ഏറ്റവുമിഷ്ടമുള്ള ഗാനമെന്നാണ് തന്റെ അറുപതാമത്തെ സിനിമയുടെ പത്ര സമ്മേളനത്തിലിടയിലും വിജയ് മാധ്യമ പ്രവർത്തകരോട് പറഞ്ഞതെന്ന് അപ്പച്ചൻ ഓർത്തെടുക്കുന്നു. ഈ സിനിമയ്ക്കു വേണ്ടി ആദ്യം എ ആർ റഹ്മാൻ ചെയ്ത ഗാനം വിജയ്ക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ, വാലിയെ കൊണ്ട് വരികൾ എഴുതിപ്പിച് റഹ്മാൻ വീണ്ടും ഉണ്ടാക്കിയ പാട്ടാണ് ഇതെന്നും, റഹ്മാൻ തന്നെ അത് പാടി റെക്കോർഡ് ചെയ്തു തന്നെ ഏൽപ്പിക്കുകയായിരുന്നുവെന്നും അപ്പച്ചൻ പറയുന്നു.