മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. തിരകഥാകൃത്തായിരുന്ന സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലെ ബ്ലോഗ് എഴുത്തുക്കാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. പൂർണമായും കുട്ടനാട്ടിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അനു സിതാര, ഷംന കാസിം, ലക്ഷ്മി റായ് തുടങ്ങിയവർ നായികമാരായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മെമ്മറീസ് എന്ന ചിത്രത്തിന് ശേഷം അനന്ത വിഷന്റെ ബാനറിൽ പി. മുരളീധരനും ശാന്ത മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടി ചിത്രം ‘കുട്ടനാടൻ ബ്ലോഗ്’ റിലീസിന് മുമ്പ് തന്നെ പുതിയ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. സാറ്റ്ലൈറ്റ് അവകാശം റെക്കോർഡ് തുകക്കാണ് സൂര്യ ടി. വി സ്വന്തമാക്കിയിരിക്കുന്നത്, കൃത്യം കണക്കുകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല, എന്നാൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയർന്ന സാറ്റ്ലൈറ്റ് അവകാശം നേടുന്ന ചിത്രമായിരിക്കും ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ഈ വർഷം ഓണത്തിനോടാനുബന്ധിച്ചു ഓഗസ്റ്റ് 23ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ‘കോഴി തങ്കച്ചൻ’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ ടൈറ്റിൽ, പിന്നീട് ട്രോളന്മാരുടെ ആക്രമണം മൂലം ടൈറ്റിൽ മാറ്റുകയായിരുന്നു. യുവ നടൻ ഉണ്ണി മുകുന്ദനാണ് സേതുവിന്റെ സഹസംവിധായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിനീത് ശ്രീനിവാസനും അതിഥി വേഷത്തിൽ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവരാം, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി, വിവേക് ഗോപൻ, ലാലു അലക്സ് തുടങ്ങിയർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണത്തിന് ഈ പ്രാവശ്യം മമ്മൂട്ടി ചിത്രം രണ്ട് മോഹൻലാൽ ചിത്രങ്ങളുമായാണ് ഏറ്റുമുട്ടുന്നത്. റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയും, രഞ്ജിത്ത് ചിത്രം ഡ്രാമയും ഓണം റിലീസിനായി ഒരുങ്ങുകയാണ്.
ഫോട്ടോ കടപ്പാട്: ശ്രീനാഥ്.N. ഉണ്ണികൃഷ്ണൻ