2000 കോടി ലക്ഷ്യമിട്ട് കങ്കുവ; വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

നടൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ശിവയാണ്. നവംബർ പതിനാലിനാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ കങ്കുവ റിലീസ് ചെയ്യുമെന്നും ത്രീഡി ഫോർമാറ്റിലും ചിത്രം എത്തുമെന്നും അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ നിർമ്മാതാവ് വ്യക്തമാക്കി.

അതിനൊപ്പം തന്നെ ഈ ചിത്രത്തിന് തങ്ങൾ പ്രതീക്ഷിക്കുന്ന ബോക്സ് ഓഫീസ് കളക്ഷൻ 2000 കോടിയോളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രവുമായി ബന്ധപ്പെട്ട കളക്ഷൻ രേഖകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമെന്നും ചിത്രത്തിന് 500 കോടിയോ 700 കോടിയോ 1000 കോടിയോ എത്ര ലഭിച്ചാലും താൻ അതിന്റെ ജിഎസ്ടി ചലാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ആർആർആർ’, ‘ബാഹുബലി’, ‘കെജിഎഫ്’ പോലുള്ള ചിത്രങ്ങളെ പോലെ വലിയ കളക്ഷന്‍ കങ്കുവ നേടുമെന്നും, തമിഴ് സിനിമയിൽ നിന്ന് 1000 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി കങ്കുവ മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisement

തമിഴിന് പുറമെ പത്തിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ സൂര്യയ്ക്ക് പുറമെ ബോബി ഡിയോൾ, ദിഷ പഠാനി , ജഗപതി ബാബു , നടരാജൻ സുബ്രഹ്‌മണ്യം എന്നിവരാണ് പ്രധാന താരങ്ങൾ. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വെട്രി പളനിസാമി, എഡിറ്റിംഗ് നിർവഹിച്ചത് നിഷാദ് യൂസഫ്. സിനിമയുടെ പ്രീ-റിലീസ് ഇവന്റിൽ മുഖ്യാതിഥികളാകാൻ സൂപ്പർസ്റ്റാർ രജനികാന്തിനെയും പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസിനെയും താൻ സമീപിച്ചിട്ടുണ്ടെന്നും കെ ഇ ജ്ഞാനവേൽ പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close