തമിഴകത്ത് ഏറെ ശ്രദ്ധേയമായ നടന്മാരിൽ ഒരാളാണ് സൂര്യ. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു, ഒരുപാട് താരങ്ങൾ സൂര്യക്ക് ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുതൽ മലയാളത്തിലെ പ്രിയ താരം മോഹൻലാൽ വരെ സൂര്യക്ക് ആശംസ അറിയിച്ചിരുന്നു. പിറന്നാളോടനുബന്ധിച്ചു സൂര്യയുടെ പുതിയ തീരുമാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. തമിഴ് നാട്ടിലെ 400 സ്കൂളുകളിലായി 10 ടോയ്‌ലെറ്റ് വീതം നിർമ്മിച്ചു കൊടുക്കുമെന്നാണ് താരം വാക്ദാനം നൽകിയിരിക്കുന്നത്. സൂര്യയുടെ ഈ തീരുമാനത്തിൽ എല്ലാവിധ പിന്തുണയുമായി തമിഴ് നാട്ടിലെ ആരാധകരും മറ്റ് ഫൗണ്ടേഷനുകളും മുന്നോട്ട് വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂര്യയുടെ ‘സിങ്കം 3’ യിലെ ഡയലോഗാണ് താരം ഇവിടെ പ്രാവർത്തികമാക്കുന്നത്. ‘തെരുക്ക് തെരു കുപ്പയ് തൊട്ടിയും വീതിക്ക് വീതി ടോയ്ലറ്റും വരും, അനയ്ക്കി എങ്ക നാട് വേറെ എടത്തിൽ ഇറുക്കും ഡാ’,പ്രതിനായകനോടുള്ള ദുരൈ സിങ്കത്തിന്റെ ഡയലോഗ് ഇന്ന് ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന സൂര്യയെ അഭിനന്ദിച്ചു ഒരുപാട് വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ട്. ഓരോ വിദ്യാർത്ഥികളുടെ പഠന കാര്യത്തിലും ജീവിത രീതികളിലും ഏറെ ശ്രദ്ധാലുവാണ് തമിഴകത്തെ ഈ നടിപ്പിൻ നായകൻ. ആയിരക്കണക്കിന് വിദ്യാർഥികളെ സംരക്ഷിക്കാനും ഉന്നത വിദ്യാഭ്യാസവും നൽകുവാൻ സ്വന്തമായി അഗാരം ഫൗണ്ടേഷൻ എന്ന സ്ഥാപനം 12 വർഷമായി നടത്തുന്ന വ്യക്തി കൂടിയാണ് സൂര്യ. കാർത്തി നായകനായിയെത്തിയ കടയ് കുട്ടി സിങ്കം സിനിമയുടെ വിജയാഘോഷത്തിൽ ഇന്ന് സൂര്യ പങ്കെടുക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ കർഷകരുടെ അവസ്ഥയെ ഏറെ വേദനയോടെ നോക്കി കാണുന്നുവെന്നും കർഷകരുടെ പുരോഗതിക്കായി 1 കോടി രൂപ നൽകുന്നതായിരിക്കുമെന്ന് താരം ഉറപ്പ് നൽകിയിരുന്നു. സാമൂഹിക പ്രതിബധതയുള്ള വ്യക്തി കൂടിയാണ് സൂര്യ, എല്ലായിടത്തും കൃത്യമായി പ്രതികരിക്കുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ്. സൂര്യയുടെ പിറന്നാൾ പ്രമാണിച്ചു എൻ.ജി.ക്കെ യുടെ സെക്കന്റ് ലുക്ക് പോസ്റ്ററും, കെ. വി ആനന്ദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. എൻ. ജി. ക്കെ ഈ വർഷം ദിവാലിക്ക് പ്രദർശനത്തിനെത്തും. മോഹൻലാൽ- സൂര്യ ആദ്യമായി ഒന്നിക്കുന്ന കെ. വി ആനന്ദ് ചിത്രം പൊങ്കലിലും റിലീസിനെത്തും.