തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന താരമാണ് സൂര്യ. ഇന്നത്തെ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടമാരിൽ ഒരാളായി അറിയപ്പെടുന്ന സൂര്യ, സിനിമയ്ക്കു പുറത്തു ചെയ്യുന്ന കാരുണ്യ പ്രവർത്തികളിലൂടെയും ഏറെ ശ്രദ്ധ നേടുന്ന താരമാണ്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക ക്ഷേമ രംഗത്തുമെല്ലാം വളരെയധികം സേവനങ്ങൾ സൂര്യ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സൂര്യയുടെ മറ്റൊരു നല്ല പ്രവർത്തിയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയാണ് സൂര്യ കയ്യടി നേടുന്നത്. സാധാരണ രീതിയിൽ, സിനിമാ ചിത്രീകരണത്തിന് ശേഷം അതിനു വേണ്ടി ഉണ്ടാക്കിയ സെറ്റ് പൊളിച്ചു കളയാറാണ് പതിവ്. എന്നാൽ ഈ സിനിയ്ക്കു വേണ്ടി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകാൻ സൂര്യ തീരുമാനിക്കുകയായിരുന്നു.
വർഷങ്ങൾക്കു ശേഷം ബാല- സൂര്യ ടീം ഒന്നിച്ച ഈ ചിത്രം കടലിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. അത്കൊണ്ട് തന്നെ അതിന്റെ ഷൂട്ടിങ് ആവശ്യത്തിനാണ് വീടുകൾ ഉണ്ടാക്കിയത്. കന്യാകുമാരിയിൽ വലിയ സെറ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി നിർമ്മിച്ചത്. സൂര്യ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് എന്നത് കൊണ്ട്, ഷൂട്ടിംഗ് കഴിഞ്ഞു വീടുകൾ പൊളിച്ചു കളയാതെ, അത് അവിടെയുള്ള പാവപെട്ട മൽസ്യ തൊഴിലാളികൾക്കായി നല്കാൻ ആണ് അദ്ദേഹം തീരുമാനിച്ചത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സൂര്യ സ്വീകരിച്ചു കഴിഞ്ഞു. യഥാർത്ഥ ജീവിതത്തിലെ നായകൻ എന്നാണ് സൂര്യയെ ഇപ്പോൾ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അതുപോലെ പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി, സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ ആണ് സൂര്യ ചെയ്തു കൊണ്ടിരിക്കുന്നത്.