
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന എൻ ജി കെ എന്ന ചിത്രം ഈ വരുന്ന മെയ് മുപ്പത്തിയൊന്നിന് ലോകമെമ്പാടും റിലീസ് ചെയ്യാൻ പോവുകയാണ്. സെൽവ രാഘവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ഏറെ ആകാംഷയോടും ആവേശത്തോടും ആണ് സൂര്യ ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും എല്ലാം വമ്പൻ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. ഇപ്പോഴിതാ മറ്റൊരു അപൂർവ നേട്ടം കൂടി സൂര്യ ഫാൻസ് ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഒരു നടന് വേണ്ടി ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന റെക്കോർഡ് ഇനി സുര്യക്കും സൂര്യ ആരാധകർക്കും സ്വന്തം. എൻ ജി കെ സിനിമയിലെ സൂര്യ കഥാപാത്രത്തിന്റെ കട്ട് ഔട്ട് ആണ് തമിഴ് നാട്ടിലെ തിരുട്ടാണി എന്ന സ്ഥലത്തു സൂര്യ ആരാധകർ ഉയർത്തിയത്.
215 അടി ഉയരത്തിലുള്ള ഈ കട്ട് ഔട്ട് ഉയർത്തിയതോടെ സൂര്യ ആരാധകർ തകർത്തത് കേരളത്തിലെ കൊല്ലം നന്പൻസ് എന്ന ദളപതി വിജയ് ഫാൻസ് ടീം ഉയർത്തിയ 180 അടി വലിപ്പം ഉള്ള കട്ട് ഔട്ട് കഴിഞ്ഞ വർഷം സൃഷ്‌ടിച്ച റെക്കോർഡ് ആണ്. ഏതായാലും എൻ ജി കെ റിലീസ് അടുത്തതോടെ സൂര്യ ആരാധകർ കൈ മെയ് മറന്നുള്ള പ്രമോഷനിൽ ആണ്. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം സൂര്യയും സായി പല്ലവിയും അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇന്ന് കേരളത്തിൽ എത്തിയിരുന്നു. മാരി 2 നു ശേഷം സായി പല്ലവിയുടെ തമിഴ് റിലീസ് ആണ് എൻ ജി കെ. നന്ദ ഗോപാലൻ കുമരൻ എന്നാണ് ഈ പൊളിറ്റിക്കൽ ത്രില്ലെർ ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം.
