ജയ് ഭീം; യഥാർത്ഥ ജീവിതത്തിലെ നായികക്ക് പത്തു ലക്ഷം നൽകി സൂര്യ..!

Advertisement

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ അഭിനയിച്ച ജയ് ഭീം എന്ന ചിത്രം ഈ മാസം ആദ്യമാണ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയത്. ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം ഇന്ത്യയിൽ നിന്ന് പുറത്തു വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇത് മാറി. സൂര്യയും ഭാര്യ ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ടി ജെ ജ്ഞാനവേൽ ആണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിക്കാർ നേരിടുന്ന പ്രശ്നങ്ങളും അടിച്ചമർത്തലുകളും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ഒരു കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ഈ ചിത്രത്തിൽ വക്കീൽ ആയ ചന്ദ്രു ആയി സൂര്യ അഭിനയിച്ചപ്പോൾ പ്രധാന കഥാപാത്രമായ സംഗിനി ആയി അഭിനയിച്ചു വിസ്മയിപ്പിച്ചത് മലയാളി ആയ ലിജോമോള് ജോസ് ആണ്. മറ്റൊരു മലയാളി നായികയായ രജിഷാ വിജയനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് ചെയ്തിട്ടുണ്ട്.

പാർവതി അമ്മാൾ എന്ന യഥാർത്ഥ ജീവിതത്തിലെ കഥാപാത്രത്തെ ആണ് ലിജോമോള് ജോസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ, യഥാർത്ഥ ജീവിതത്തിൽ ആ പോരാട്ടം നടത്തിയ പാർവതി അമ്മാളിന് പത്തു ലക്ഷം രൂപയാണ് സൂര്യ സമ്മാനിച്ചത്. പാർവതി അമ്മാളിന്റെ പേരിൽ പത്തു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്ത സൂര്യ, അതിന്റെ പലിശ എല്ലാ മാസവും അവർക്കു കിട്ടും എന്നും, അവരുടെ മരണ ശേഷം ആ പണം അവരുടെ മകൾക്കു പോയി ചേരുമെന്നും അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടിലെ ഇരുളർ എന്ന ജാതിയിലെ ആളുകളുടെ ഉന്നമനത്തിനു വേണ്ടി ഒരു കോടി രൂപയും സൂര്യ തമിഴ് നാട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലെ പാമ്പു പിടുത്തം, വിഷ ചികിത്സ എന്നിവ നടത്തുന്ന ആളുകൾ ആണ് ഇരുളർ എന്നറിയപ്പെടുന്നത്. ഒട്ടേറെ വർഷങ്ങളായി താഴ്ന്ന ജാതി ആയി കണക്കാക്കുന്ന ഇവർ വലിയ ചൂഷണവും അടിച്ചമർത്തലുകളുമാണ് നേരിടുന്നത്. ജയ് ഭീം എന്ന ചിത്രം പുറത്തു വന്നു ചർച്ച ആയതോടെ ഇവരുടെ അവസ്ഥക്ക് വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close