![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/05/Suriya-came-out-supporting-his-wife-Jyothika-saying-that-what-she-said-was-the-right-thing.jpg?fit=1024%2C592&ssl=1)
കുറച്ചു നാൾ മുൻപ് തമിഴിലെ പ്രശസ്ത നടി ജ്യോതിക തന്റെയൊരു പ്രസംഗത്തിൽ പറഞ്ഞ ചില വാചകങ്ങൾ വലിയ വിവാദമായി മാറിയിരുന്നു. രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റു വാങ്ങുമ്പോഴാണ് ജ്യോതിക ആ വിവാദമായ കാര്യങ്ങൾ പറഞ്ഞത്. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും പറഞ്ഞ ജ്യോതിക ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ പോലെ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ് എന്നും പറഞ്ഞു. ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിന് മാത്രമല്ല നല്ല സ്കൂളുകൾ കെട്ടിപ്പടുക്കാനും ആശുപത്രികൾ നന്നാക്കാനും പങ്കുചേരണമെന്നും കൂടി ഈ നടി പറഞ്ഞതോടെ ചിലർ പ്രതിഷേധവുമായി രംഗത്ത് വന്നു. ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്നായിരുന്നു എതിർത്ത് വന്നവരുടെ വാദം. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ ജ്യോതികക്കു പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് തമിഴിലെ സൂപ്പർ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യയാണ്.
വളരെ പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ തന്നെയാണ് ജ്യോതികയും പറഞ്ഞിരിക്കുന്നതെന്നും സഹജീവിക്ക് സേവനം ചെയ്യുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ് എന്നും സൂര്യ പറയുന്നു.മനസിൽ നല്ല ചിന്തകൾ ഉള്ളവർക്ക് മാത്രമേ അത് മനസ്സിലാകൂ എന്നും ഇതൊക്കെ വിജ്ഞാനികളുടെ ചിന്തകളുടെ പ്രതിഫലനമാണ് എന്നത് കൊണ്ട് തന്നെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും സൂര്യ വ്യക്തമാക്കുന്നു. തന്റെ ട്വിറ്റെർ പോസ്റ്റിലൂടെയാണ് സൂര്യ തന്റെ പിന്തുണ ജ്യോതികക്കു നൽകിയത്. ജ്യോതികക്ക് പിന്തുണയുമായി എത്തിയവരിൽ എല്ലാ മതത്തിൽ പെട്ടവരുമുണ്ടെന്നും അതുപോലെ മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് തങ്ങളുടെ കുട്ടികളെ തങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എന്നും സൂര്യ പറഞ്ഞു. ഈ വിവാദത്തിൽ തങ്ങൾക്കൊപ്പം നിന്ന സുഹൃത്തുക്കൾ, ആരാധകർ, മാധ്യമങ്ങൾ എന്നിവർക്കൊക്കെ സൂര്യ നന്ദി പറയുകയും ചെയ്തു.