ഓസ്കാർ അക്കാഡമിയിലേക്കു സൂര്യ; ഇത് തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യം

Advertisement

2022 ലെ പുതിയ ഓസ്കാർ ഫിലിം അക്കാഡമിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ സിനിമയിൽ നിന്ന് രണ്ടു പേർ പട്ടികയിൽ. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും ബോളിവുഡിന്റെ താരസുന്ദരി കാജോളുമാണ് ഓസ്കാർ ഫിലിം അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സൂററായ് പോട്രൂ, ജയ് ഭീം എന്നീ ചിത്രങ്ങളാണ് സൂര്യയെ ഈ നേട്ടത്തിന് അർഹനാക്കിയതെങ്കിൽ, മൈ നെയിം ഈസ് ഖാൻ, കഭി ഖുശി കഭി ഘം എന്നീ ചിത്രങ്ങളാണ് കാജോളിനെ അക്കാദമിയിലെത്തിച്ചത്. അക്കാദമി അംഗമാകാൻ ക്ഷണിക്കപ്പെടുന്ന ആദ്യത്തെ തമിഴ് നടൻ ആണ് സൂര്യ എന്നതാണ് ഏറ്റവും വലിയ നേട്ടം. തമിഴ് സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി സൂര്യ ഇതിലൂടെ മാറുകയാണ്. നടീനടന്മാരുടെ ക്യാറ്റഗറിയിലേക്കാണ് സൂര്യയും കാജോളും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. 54 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണ അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

സുധ കൊങ്ങര സംവിധാനം ചെയ്ത സൂററായ് പോട്രൂ, ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങളിലെ അതിഗംഭീര പ്രകടനം സൂര്യക്ക് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിക്കൊടുത്തത്. ഓസ്കാർ അവാർഡിനുള്ള നോമിനേഷന്റെ പ്രാഥമിക ലിസ്റ്റിൽ ഈ രണ്ടു ചിത്രങ്ങളും ഇടം പിടിച്ചിരുന്നു. അതുപോലെ തന്നെ ഓസ്കാർ അക്കാഡമിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ജയ് ഭീം എന്ന ചിത്രത്തിലെ ഒരു രംഗവും അവർ അപ്ലോഡ് ചെയ്തിരുന്നു. ഇന്ത്യൻ സിനിമക്കും തമിഴ് സിനിമക്കും ലഭിച്ച വലിയ ഒരംഗീകാരം കൂടിയായിരുന്നു അത്. ആഗോള തലത്തിലാണ് മേൽപ്പറഞ്ഞ രണ്ടു സൂര്യ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടത്. സൂര്യയും ഭാര്യ ജ്യോതികയും ചേർന്ന് നിർമ്മിച്ച ജയ് ഭീം തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിക്കാർ നേരിടുന്ന പ്രശ്നങ്ങളും അടിച്ചമർത്തലുകളും അവതരിപ്പിച്ചപ്പോൾ, സുധ കൊങ്ങര ഒരുക്കിയ സൂററായ് പോട്രൂ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് പറഞ്ഞത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close